മഹാരാജാസ് കോളജിലെ നാടകത്തിൽ അഭിനയിച്ചശേഷം മമ്മൂട്ടിയും സഹപ്രവർത്തകരും എടുത്ത ചിത്രം (മമ്മൂട്ടി വലത്തു നിന്ന് മൂന്നാമത്തേത്), സോഷ്യൽ മീഡിയയിൽ മഹാരാജാസ് കോളജിലെ പൂർവവിദ്യാർഥികൾ പങ്കുവെച്ചത്

മമ്മൂട്ടിയുടെ 71ാം പിറന്നാൾ ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ 71ാം പിറന്നാൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കി ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ എന്നിവർ അടക്കം സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പിറന്നാൾ ആശംസകളുമായി എത്തി. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.

മമ്മൂട്ടിയുമൊത്തുള്ള ആത്മബന്ധം പറഞ്ഞായിരുന്നു മോഹൻലാലിന്റെ വിഡിയോ ആശംസ. 'മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽകൊണ്ടും അറിവ് കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധം ഉണ്ടാക്കാനാവും. കൂടെപ്പിറന്നിട്ടില്ല എന്നേയുള്ളൂ, മമ്മൂട്ടിക്ക...ഇച്ചാക്ക എനിക്ക് വല്യേട്ടനാവുന്നത്, ജ്യേഷ്ഠനാവുന്നതും അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം'- മോഹൻലാൽ പറഞ്ഞു.

നിറഞ്ഞ ചിരിയോടെ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ഷംസീർ താരത്തിന് ജന്മദിനാശംസകൾ നേർന്നത്. 'തള്ളേ യെവൻ പുലിയാ...വെറും പുലിയല്ല... ഒരുസിംഹം... മലയാളത്തിന്റെ മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം' എം.എം. മണി കുറിച്ചു

ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കക്ക് നന്ദി പറയുന്നു... ഒരുപാട് നല്ല ദിവസങ്ങൾക്ക്. തന്ന തണലിന്...ചേർത്തുപിടിക്കലിന്... സഹോദര സ്നേഹത്തിന്... വാത്സല്യത്തിന്...ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടുപോവുക, മമ്മൂക്ക... ആയുരാരോഗ്യത്തിനായി പ്രാർഥനകൾ സംവിധായകൻ ആന്റോ ജോസഫ് കുറിച്ചു.

'മലയാളത്തിന്റെ മമ്മൂക്കക്ക്, മഹാരാജാസിന്റെ മുഹമ്മദ്‌ കുട്ടിക്ക്, മഹാരാജകീയ പിറന്നാൾ ആശംസകൾ' ഇങ്ങനെയാണ് മഹാരാജാസ് കോളജിലെ പൂർവവിദ്യാർഥികൾ ആശംസ നേർന്നത്. കോളജിലെ നാടകത്തിലേതടക്കം മമ്മൂട്ടിയുടെ അപൂർവ ചിത്രങ്ങളും അവർ പങ്കുവെച്ചു.

Tags:    
News Summary - Social media celebrated Mammootty's 71st birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.