കൊച്ചി: വ്യാജ സത്യനിർമിതിയുടെ കാലത്ത് മനുഷ്യമനസ്സുകൾക്ക് ആഴത്തിലുള്ള സന്ദേശമേകി 'പൊളിറ്റിക്കൽ കറക്ട്നസ്' എന്ന ലഘുചിത്രം ശ്രദ്ധേയമാകുന്നു. ഒരു കുടുംബത്തിലെ അമ്പതിലധികം അംഗങ്ങൾ അണിയറ പ്രവർത്തനങ്ങളിലും അഭിനയത്തിലും അണിനിരന്നു എന്ന നിലയിൽ ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡ്സിലും സ്ഥാനം പിടിച്ചു.
യൂട്യൂബിലൂടെ ആസ്വാദകർ ഏറ്റെടുത്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് മലയാളത്തിലെ വൻകിട സിനിമ നിർമാതാക്കളായ എ.വി.എ പ്രൊഡക്ഷൻസ് ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന കോഴിക്കോട്ടെ പ്രശസ്തമായ പുഷ്പ വിലാസം കുടുംബത്തിലെ കലാവാസനയുള്ള അമ്പതിലധികം അംഗങ്ങളാണ് ഈ സിനിമയുടെ അണിയറയിലും അരങ്ങത്തും പ്രവർത്തിച്ചത്. പുഷ്പവിലാസം കുടുംബത്തിലെ അഞ്ചു വയസ്സു മുതൽ 88 വയസ് വരെയുള്ളവർ ഇതിൽ അഭിനയിക്കുന്നുണ്ട്.
മെഡിമിക്സ് എം.ഡിയും എ.വി.എ പ്രൊഡക്ഷൻസ് എം.പിയുമായ എ.വി. അനൂപ്, മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, കണ്ണൂർ ലേബർ കോർട്ട് ജഡ്ജി ആർ.എൽ. ബൈജു, തുടങ്ങിയവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്ത സന്ദീപും ഗാനരചന നിർവഹിച്ച ദുർഗ അരവിന്ദും കുടുംബാംഗങ്ങൾ തന്നെയാണ്.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായ രാഷ്ട്രീയക്കാരനാണ് എ.വി. അനൂപ് അവതരിപ്പിക്കുന്ന രാം മോഹൻ തമ്പി. തമ്പിയുടെ മകൻ അഭിജിത്തിന് ധീരതക്കുളള ദേശീയ അവാർഡ് ലഭിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. പുഴയിൽ മുങ്ങിയ പത്തുവയസുകാരിയെ ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയതിനാണ് മകന് അവാർഡ് ലഭിക്കുന്നത്. 14 വയസുകാരനായ മകന്‍റെ കൗമാര ചിന്തകൾ കോർത്തെടുത്ത 'അഭിപ്രായം 14' എന്ന പുസ്തകം അവാർഡിനൊപ്പം ഇറക്കുന്നു. നാടും കുടുംബവും ഇത് ആഘോഷിക്കുനനതിനിടെ തമ്പിയെ ഞെട്ടിച്ചുകൊണ്ട് ഒരു കഥാപാത്രം രംഗത്തുവരുന്നിടത്ത് 'പൊളിറ്റിക്കൽ കറക്ട്നസ്' ഒരു വഴിത്തിരിവിലേക്ക് കടക്കുകയാണ്.
കഥ: മനു ഗോപാൽ, ഛായാഗ്രഹണം: ഷിജി ജയദേവൻ, സംഗീതം: ധീരജ് സുകുമാരൻ, ഓഡിയോഗ്രഫി: ജിതേന്ദ്രൻ ലാൽ മീഡിയ, എഡിറ്റിങ്: മെന്‍റോസ് ആന്‍റണി, കോറിയോഗ്രഫി: ഇംതിയാസ് അബൂബക്കർ, ആർട്ട്: ഉപന്ദ്രേനാഥൻ, മേക്കപ്പ്: ബിനീഷ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡ്സ് പ്രതിനിധി ആർ. വിവേക് സാക്ഷ്യപത്രം എ.വി. അനൂപിന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.