സ​തീ​ഷ് കു​മാ​ർ താ​ൻ ക​ണ്ട സി​നി​മ​ക​ളു​ടെ ടി​ക്ക​റ്റു​ക​ൾ​ക്കും ര​ജി​സ്റ്റ​റു​ക​ൾ​ക്കു​മൊ​പ്പം

കൊച്ചിയിലുണ്ടൊരു 'സിനിമ ഭ്രാന്തൻ'

മട്ടാഞ്ചേരി: അരനൂറ്റാണ്ടിനിടെ താൻ കണ്ടിട്ടുള്ള സിനിമയുടെ എല്ലാ ടിക്കറ്റുകളും നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് മട്ടാഞ്ചേരി സ്വദേശിയായ സതീഷ് കുമാർ ചുനിലാൽ ദേശായി എന്ന ഗുജറാത്തി വംശജൻ. ടിക്കറ്റുകൾ മാത്രമല്ല കണ്ട സിനിമയുടെ പേര്, സംവിധായകൻ, സംഗീത സംവിധായകൻ, അഭിനേതാക്കളുടെ പേരു വിവരം, അവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര്, സിനിമ കാണാൻ കൂടെ തനിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേര്, ഇരിപ്പിടത്തിന്‍റെ ക്ലാസ് എന്നിവയെല്ലാം എഴുതി സൂക്ഷിച്ചിരിക്കുകയാണ് സതീഷ്. പന്ത്രണ്ടായിരത്തോളം സിനിമ ടിക്കറ്റുകളാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. ഇപ്പോൾ 63 വയസ്സുള്ള സതീഷ് 1968 മുതൽ സഹോദരന്‍റെ കൂടെ തിയറ്ററുകളിൽ സിനിമ കാണാൻ തുടങ്ങി. 1973 മുതലാണ് ടിക്കറ്റും രജിസ്റ്ററും സൂക്ഷിക്കാൻ തുടങ്ങിയത്. മട്ടാഞ്ചേരി റോയൽ ടാക്കീസിലെ 30 പൈസയുടെ ബെഞ്ച് ടിക്കറ്റ് മുതൽ ഈ ശേഖരത്തിലുണ്ട്. പല ഷോകൾ കണ്ട ദിവസങ്ങൾ ഏറെയാണ്. സതീഷിന് നാട്ടുകാർ ചാർത്തിക്കൊടുത്തിരിക്കുന്ന പേര് 'സിനിമ ഭ്രാന്തൻ' സതീഷ് ഭായി. ഒരു സിനിമ കാണണമോ വേണ്ടയോ എന്നത് നാട്ടുകാരിൽ പലരും തീരുമാനിച്ചിരുന്നത് ഒരു കാലത്ത് സതീഷിന്‍റെ അഭിപ്രായം കേട്ടായിരുന്നു. ഹിന്ദി സിനിമ 'ഷോലെ' 52 തവണയാണ് വിവിധ തിയറ്ററുകളിൽ പോയി സതീഷ് കണ്ടത്. 'ബോബി' 30 തവണയും.

കൊച്ചിയിലെ ഗുജറാത്തികളിൽ മലയാള സിനിമയോട് താൽപര്യം വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് സതീഷാണ്. ഹിന്ദിയിൽ രാജേഷ് ഖന്നയോടാണ് ഏറെ ഇഷ്ടം. മലയാളത്തിൽ മമ്മൂട്ടിയോടും.

ഇടക്കാലത്ത് കൊച്ചിയിൽ ഹിന്ദി സിനിമ റിലീസിങ് തർക്കം മൂലം 'ജാനീ ദുശ്മൻ' എന്ന സിനിമ കോഴിക്കോട് റിലീസ് ചെയ്തപ്പോൾ കൂട്ടുകാർക്കൊപ്പം കോഴിക്കോട് പോയി സിനിമ കണ്ടതും സതീഷ് ഓർക്കുന്നു. ഭാര്യ ചാരുവിന് താൽപര്യം ഇല്ലെങ്കിലും ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി ഇടക്ക് സിനിമ കാണാൻ കൂടെ പോകും. കൈവശമുള്ള ടിക്കറ്റുകൾക്ക് പലരും ലക്ഷങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും സതീഷ് കൊടുക്കാൻ തയാറായില്ല. നേരത്തേ, സുഗന്ധവ്യഞ്ജന കച്ചവടത്തിൽ ബ്രോക്കറായിരുന്ന സതീഷ് ഇപ്പോൾ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ചാർമിയാണ് ഏക മകൾ. പല്ലക്ക് മരുമകനും.

Tags:    
News Summary - Satish Kumar keeps all the tickets for the movie he has seen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.