നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച 'സർവ്വം മായ'ക്ക് ഇതുവരെ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ക്രിസ്മസ്-പുതുവത്സര കാലയളവിലെ റിലീസും ചിത്രത്തിന് ഗുണകരമായി. ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ സർവ്വം മായ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
‘സർവ്വം മായ’യുടെ ഒഫിഷ്യൽ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ശരൺ വേലായുധന്റെ കാമറ, അഖിൽ സത്യൻ എഡിറ്റിങ് വിഭാഗം എന്നിവ കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.