'ഇത് ആക്ഷേപഹാസ്യമല്ല, അപമാനമാണ്'; ആര്യൻ ഖാന്‍റെ പരമ്പരക്കെതിരെ സമീർ വാങ്കഡെ

ആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് പരമ്പരക്കെതിരെ വിമർശനവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. നിയമപാലകർ രാജ്യത്തെ സേവിക്കാൻ രക്തം വാർക്കുകയാണെന്നും ആക്ഷേപഹാസ്യത്തിന്റെ പേരിൽ അവരെ അപമാനിക്കാൻ കഴിയില്ലെന്നും സമീർ വാങ്കഡെ എൻ.ഡി‌.ടി‌.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നുപോലും തന്റെ കുടുംബത്തെ ട്രോളുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരമ്പരയെ ആക്ഷേപഹാസ്യമായി കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്, ഇതെല്ലാം വേദനാജനകമാണെന്നും ആക്ഷേപഹാസ്യം തികച്ചും വ്യത്യസ്തമായ കാര്യമാണെന്നുമായിരുന്നു മറുപടി. എത്ര സമയമെടുത്താലും നിയമപോരാട്ടം നടത്തുമെന്ന് വാങ്കഡെ പറഞ്ഞു.

മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അനലിറ്റിക്സ് ആൻഡ് റിസ്ക് മാനേജ്‌മെന്റിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന വാങ്കഡെ, നടൻ ഷാറൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പരമ്പര മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നിഷേധാത്മകവുമായ ചിത്രീകരണം പ്രചരിപ്പിക്കുന്നുവെന്നും അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്നുവെന്നും വാങ്കഡെ ആരോപിച്ചു. എന്നാൽ ഹരജി ഡൽഹിയിൽ എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വാങ്കഡെയുടെ ഹരജി തള്ളി.

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസ് ബോംബെ ഹൈകോടതിയിലും മുംബൈയിലെ എൻ‌.ഡി‌.പി.‌എസ് സ്പെഷ്യൽ കോടതിയിലും പരിഗണനയിലിരിക്കെ, വാങ്കഡെയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരമ്പരയെന്ന് ഹരജിയിൽ പറഞ്ഞു. പരമ്പരയുടെ ഉള്ളടക്കം വിവരസാങ്കേതിക നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) വിവിധ വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അശ്ലീലവും നിന്ദ്യവുമായ കാര്യങ്ങൾ ഉപയോഗിച്ച് ദേശീയ വികാരത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹരജിയിൽ ആരോപിച്ചു.

അതേസമയം, കഭി ഖുഷി കഭി ഗം (2001) എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് താര പുത്രൻ ആദ്യമായ് ബോളിവുഡിൽ എത്തുന്നത്. ഇപ്പോൾ ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സീരിസിന്‍റെ സംവിധായകനായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട് 2021​ ഒക്​ടോബർ മൂന്നിനാണ്​ ആര്യൻ ഖാനെ അറസ്റ്റ്​ ചെയ്​തത്​. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗള​ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയിരുന്നു. 

Tags:    
News Summary - Sameer Wankhede about Aryan Khan's Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.