കാലാ ഹിരൺ

‘കാലാ ഹിരൺ’ വിവാദം; റിലീസ് തടയണമെന്ന് സൽമാൻ ഖാൻ, കോടതിക്ക് താരങ്ങളോ ഗ്ലാമറോ വിഷയമല്ലെന്ന് നിർമാതാവ്

ബോളിവുഡ് താരം സൽമാൻ ഖാന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന 'കാലാ ഹിരൺ: ദ ബാറ്റിൽ ഫോർ ലെഗസി' എന്ന ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയുള്ള നിയമപോരാട്ടം തുടരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സൽമാൻ ഖാൻ നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി വാദം ജൂലൈ ആറിലേക്ക് മാറ്റി.

കോടതി നടപടികൾക്ക് പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് അമിത് ജാനി എക്സിലൂടെ പ്രതികരിച്ചു. സൽമാൻ ഖാന് കോടതിയിൽ നിന്ന് യാതൊരുവിധ ഇടക്കാല ആശ്വാസവും ലഭിച്ചിട്ടില്ലെന്നും ചിത്രത്തിന് നിരോധനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോടതിക്ക് താരങ്ങളോ ഗ്ലാമറോ വിഷയമല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡിന്റെ പിതാവ് എന്ന് സ്വയം വിളിച്ചതുകൊണ്ട് മാത്രം ഈ ചിത്രം തടയാനാവില്ല. ചിത്രം ലോകമെമ്പാടുമുള്ള 8000 തിയറ്ററുകളിൽ റിലീസ് ചെയ്യും’ അമിത് ജാനി കുറിച്ചു.

ബുധനാഴ്ച നടന്ന വാദത്തിനിടെ, ചിത്രം ഇതുവരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് സമർപ്പിച്ചിട്ടില്ലെന്ന് നിർമാതാക്കളുടെ അഭിഭാഷകൻ ജസ്റ്റിസ് ജ്യോതി സിങ്ങിനെ അറിയിച്ചു. സി.ബി.എഫ്.സി സർട്ടിഫിക്കേഷൻ ഇല്ലാതെ ഒരു സിനിമയും റിലീസ് ചെയ്യാൻ കഴിയില്ലെന്നും, അടുത്ത വാദം കേൾക്കുന്നതുവരെ ചിത്രം സെൻസർ ബോർഡിന് സമർപ്പിക്കില്ലെന്നും അഭിഭാഷകൻ കോടതിക്ക് ഉറപ്പുനൽകി. നിർമാതാക്കളുടെ മറുപടി സത്യവാങ്മൂലം രേഖകളിൽ ഇല്ലാത്തതിനാലാണ് കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റിയത്.

തന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് നിർമിച്ച ചിത്രമാണിതെന്ന് ആരോപിച്ചാണ് സൽമാൻ ഖാൻ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയലുകളിൽ സൽമാൻ ഖാന്റെ ലുക്കിലുള്ള ഒരാളെയും, അദ്ദേഹം സ്ഥിരമായി ധരിക്കുന്ന നീല ബ്രേസ്‌ലെറ്റും ഉപയോഗിച്ചിട്ടുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളും, ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുമായുള്ളതെന്ന പേരിൽ പ്രചരിക്കുന്ന തർക്കങ്ങളും ചിത്രത്തിൽ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും താരം ആരോപിക്കുന്നു.

Tags:    
News Summary - Salman Khan’s Plea Against Kala Hiran Moves to July 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.