മൈക്കിൾ

ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ‘മൈക്കിൾ’ ഒ.ടി.ടിയിൽ; എവിടെ കാണാം?

ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ബയോപിക് ചിത്രം 'മൈക്കിൾ' ഒ.ടി.ടിയിലെത്തി. തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ആഗോള ഹിറ്റുകളിൽ ഒന്നായ ചിത്രം ഒ.ടി.ടിയിലും വലിയ സ്വീകാര്യത നേടുമെന്നാണ് വിലയിരുത്തൽ.

തിയറ്ററുകളിൽ റിലീസ് ചെയ്ത് വെറും രണ്ട് മാസത്തിനുള്ളിൽ ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ കലക്ഷൻ നേടുന്ന ബയോപിക് ചിത്രമായി മൈക്കിൾ മാറിയിരുന്നു. ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമർ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് മൈക്കിൾ തകർത്തത്. ഓപ്പൻഹൈമർ ലോകമെമ്പാടുനിന്നുമായി 965 ദശലക്ഷം ഡോളർ നേടിയപ്പോൾ, പോപ്പ് രാജാവിന്റെ കഥ 977 ദശലക്ഷം ഡോളർ അഥവാ 97.7 കോടി ഡോളറാണ് ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.

നോർത്ത് അമേരിക്കയിൽ നിന്ന് മാത്രം 370 ദശലക്ഷം ഡോളർ ചിത്രം സ്വന്തമാക്കിയിരുന്നു. ഇതോടെ നിർമാണ കമ്പനിയായ ലയൺസ്ഗേറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി മൈക്കിൾ മാറി. ദി ഹംഗർ ഗെയിംസ്, ദി ഹംഗർ ഗെയിംസ്: കാച്ചിംഗ് ഫയർ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപിലുള്ളത്. മൈക്കിൾ ജാക്സന്റെ കുട്ടിക്കാലം മുതൽ ആരംഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജാക്സൺ 5 എന്ന സംഗീത ബാൻഡിലൂടെയുള്ള അദ്ദേഹത്തിന്റെ ആദ്യകാല സംഗീത ജീവിതവും, തുടർന്ന് ലോകം കണ്ട ഏറ്റവും വലിയ മ്യൂസിക് ഐക്കണിലേക്കുള്ള വളർച്ചയും ചിത്രം ദൃശ്യവൽക്കരിക്കുന്നു.

താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച, കരിയർ നിർവചിച്ച ഐതിഹാസിക പ്രകടനങ്ങൾ, ചാർട്ടുകളിൽ ഇടംനേടിയ ആൽബങ്ങൾ, അതിനൊപ്പം തന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അനുഭവിക്കേണ്ടി വന്ന വ്യക്തിപരമായ വെല്ലുവിളികൾ എന്നിവയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. മൈക്കളിന്‍റെ കരിയറിലെ ഏറ്റവും പ്രശസ്തമായ ബാഡ് ടൂർ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ അവസാനിക്കുന്നത്.

മൈക്കിൽ ജാക്സന്റെ സഹോദരപുത്രനായ ജാഫർ ജാക്സൺ ആണ് ചിത്രത്തിൽ മൈക്കൽ ജാക്സനായി വേഷമിട്ടിരിക്കുന്നത്. ജാഫറിന്റെ അഭിനയവും നൃത്തവും തിയറ്ററുകളിൽ വലിയ കയ്യടി നേടിയിരുന്നു. മൈക്കിളിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് ജൂലിയാനോ ക്രൂ വാൽഡിയാണ്. മൈക്കിളിന്‍റെ മാതാപിതാക്കളായ ജോ ജാക്സൺ, കാതറിൻ ജാക്സൺ എന്നിവരായി യഥാക്രമം കോൾമാൻ ഡൊമിംഗോയും നിയ ലോങ്ങും വേഷമിട്ടു. പോപ്പ് രാജാവിന്റെ സംഗീതവും നൃത്തവും വലിയ സ്ക്രീനിൽ മിസ്സ് ചെയ്തവർക്ക് ഒ.ടി.ടിയിലൂടെ ആ അനുഭവം വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

Tags:    
News Summary - Michael OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.