റോഷൻ മാത്യു
എം. പത്മകുമാർ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം 'ഉയിർ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആഗസ്റ്റ് 4 മുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കണ്ണൂർ ധർമ്മടം പോലീസ് സ്റ്റേഷനിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണിത്. ജൂൺ 26ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഈ പൊലീസ് പ്രൊസീജറൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാവുന്നതാണ്.
വർഗം, വാസ്തവം, ശിക്കാർ, ജോസഫ് തുടങ്ങിയ മികച്ച ക്രൈം- ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികളുടെ ദൃശ്യബോധത്തെ സ്വാധീനിച്ച സംവിധായകൻ എം.പത്മകുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉയിർ. അജീബ് റഹ്മാൻ, ശോഭ, രാജു, ഭുവനേശ്വർ, റാന്തൽ, മീനു-ദേവ എന്നിങ്ങനെ ആറു വ്യത്യസ്ത ഭാഗങ്ങളായി കഥ പറഞ്ഞുപോവുന്ന സിനിമ, ഓരോ ഘട്ടത്തിലും പുതിയ ദുരൂഹതകളുടെ ചുരുളഴിക്കുന്നുണ്ട്.
തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു തനി ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനേക്കാൾ ഉപരി വൈകാരിക തലങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ ഘടന. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ സഹരചയിതാവും യഥാർത്ഥ പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ഗായകനും നടനുമായ നിഖിൽ കെ. മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ രചനയിൽ പങ്കാളിയായതുകൊണ്ട്, പൊലീസ് ജീവിതത്തെയും കേസ് അന്വേഷണ രീതികളെയും അതിന്റെ എല്ലാ സ്വാഭാവികതയോടും കൂടിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
റോഷന് പുറമെ ബൈജു സന്തോഷ്, വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമിച്ചത്.
പൊറിഞ്ചു മറിയം ജോസ്, ഗരുഡൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ എന്നിവർക്ക് പുറമെ, മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നാലാം തലമുറക്കാരൻ കൂടിയായ നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും യഥാക്രമം ഇവരോടൊപ്പം ചിത്രത്തിന്റെ തമിഴ്-കന്നഡ ഗാനരചയിതാക്കളായി എത്തുന്നു എന്ന പ്രത്യേകതയും ഉയിരിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.