മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയിനെതിരെ ബലാത്സംഗക്കേസ്

മുംബൈ: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്ക്കെതിരെ(38) ബലാത്സംഗത്തിന് കേസെടുത്തു. മഹാക്ഷയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിലാണ് കേസ്. മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒഷിവാര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

2015 മുതല്‍ 2018 വരെ പരാതി നല്‍കിയ യുവതിയുമായി മഹാക്ഷയ് ചക്രവര്‍ത്തിക്ക് ബന്ധമുണ്ടായിരുന്നു. 2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്ലാറ്റില്‍ താന്‍ പോയിരുന്നു. അവിടെ വച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി താൻ ബോധരഹിതയായതിനുശേഷം ബലാത്സംഗം ചെയ്തു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വിവാഹവാഗ്ദാനം നൽകുകയും ചെയ്തു. താന്‍ ഗര്‍ഭിണി ആയപ്പോള്‍ മരുന്നുകള്‍ നല്‍കി ഗര്‍ഭം അലസിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

2018ല്‍ മഹാക്ഷയിനോട് യുവതി വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. മഹാക്ഷയ് മറ്റൊരു പ്രശസ്ത നടിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് മഹാക്ഷയ് യെ താന്‍ വിളിച്ചപ്പോള്‍ അമ്മ യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തുടര്‍ന്ന് മഹാക്ഷയ് ക്കും യോഗിതക്കുമെതിരെ 2018 ജൂണില്‍ ബീഗംപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആ വര്‍ഷം തന്നെ യുവതി സഹോദരനോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറി.

യുവതിയുടെ പരാതിയിന്‍ മേല്‍ സെക്ഷന്‍ 376, 313 എന്നി വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എന്നാല്‍ കേസിൽ മഹാക്ഷയ്ക്കും അമ്മക്കും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്ത് പരാതി നല്‍കാന്‍ ഡല്‍ഹി കോടതി മാര്‍ച്ചില്‍ യുവതിയോട് നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ജൂലൈയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നടന്‍ കൂടിയായ മഹാക്ഷയ് ഹോണ്ടഡ് ത്രീഡി, ലൂട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.