നിരൂപക പ്രശംസ നേടിയ മർദാനി ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'മർദാനി 3'യുടെ ഷൂട്ടിങ് ജൂണിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. മർദാനി 3യിൽ നിർഭയയും നിശ്ചയദാർഢ്യവുമുള്ള പൊലീസുകാരിയായ ശിവാനി ശിവാജി റോയിയായി റാണി മുഖർജി വീണ്ടും എത്തുന്നു. ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ ലുക്ക് ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആക്ഷൻ ത്രില്ലറിന്റെ പ്രധാന ഭാഗങ്ങൾ മുംബൈയിലും ഡൽഹിയിലുമായി ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
'എന്റെ മർദാനി ഫ്രാഞ്ചൈസിയിൽ ഞാൻ അഭിമാനിക്കുന്നു. മർദാനിയുടെ 3 എങ്ങനെയായിരിക്കുമെന്ന് കാണാൻ ഞാൻ ആവേശത്തിലാണ്! ശിവാനിയുടെ വേഷം ഇനിയും ചെയ്യാൻ പറ്റുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ധീരരും, ത്യാഗികളുമായ എല്ലാ പൊലീസുകാർക്കും വേണ്ടി ഈ ചിത്രം സമർപ്പിക്കുന്നു. മർദാനിയിൽ എനിക്ക് ലഭിച്ച സ്നേഹത്തിനും പ്രശംസക്കും ബഹുമാനത്തിനും ഞാൻ നന്ദി പറയുന്നു' -റാണി മുഖർജി പറയുന്നു.
മർദാനി ഫ്രാഞ്ചൈസിയിൽ ആദ്യ ഭാഗം 2014 ലും രണ്ടാം ഭാഗം 2019 ലുമാണ് ഇറങ്ങിയത്. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫിസ് വിജയമായിരുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്ന പൊലീസ് ഓഫീസറായി റാണി മുഖർജി നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു ഇത്. റൊമാന്‍റിക് ഹീറോയിനില്‍ നിന്നും റാണി മുഖർജിയുടെ ശക്തമായ ചുവടുമാറ്റം കൂടിയായിരുന്നു ഈ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.