സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അനിമൽ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'അനിമൽ പാർക്കിനായി' ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഡെഡ്‌ലൈൻ ഹോളിവുഡിന് നൽകിയ അഭിമുഖത്തിൽ രൺബീർ കപൂർ പങ്കുവെച്ചിരിക്കുകയാണ്.
'അനിമൽ പാർക്കിന്റെ' ചിത്രീകരണം എപ്പോൾ തുടങ്ങും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘സംവിധായകൻ നിലവിൽ മറ്റൊരു ചിത്രത്തിന്‍റെ തിരക്കിലാണ്, അനിമൽ പാർക്ക് 2027ൽ ചിത്രീകരണം ആരംഭിക്കും. മൂന്ന് ഭാഗമായി ഇറക്കാനാണ് സംവിധായകൻ ആലോചിക്കുന്നത്. അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ട്. ഒരേ സിനിമയിൽ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എനിക്ക് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണിത്, വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക’ രൺബീർ കപൂർ പറഞ്ഞു.
സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ഈ കഥ മൂന്ന് ഭാഗങ്ങളായി നിർമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രൺബീർ വെളിപ്പെടുത്തി. ഇതിലെ രണ്ടാമത്തെ ഭാഗത്തിനാണ് 'അനിമൽ പാർക്ക്' എന്ന് പേരിട്ടിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രൺബീർ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നായകനായും വില്ലനായും താരം തന്നെയാണ് എത്തുന്നത്. ‘ചിത്രത്തിലെ വില്ലൻ പ്ലാസ്റ്റിക് സർജറിയിലൂടെ നായകനെപ്പോലെ തന്നെയായി മാറുന്നു. നായകനും വില്ലനും ഒരേപോലെ ഇരിക്കുന്നതിലെ ആകാംക്ഷയാണ് ഈ സിനിമയുടെ കരുത്ത്. ഇതൊരു ഒറിജിനൽ പ്രോജക്റ്റാണ്, ഇതിന്റെ ഭാഗമാകാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്’ രൺബീർ പറഞ്ഞു.
2023ൽ ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായെങ്കിലും വന്‍ തോതിൽ വിമർശനങ്ങളും നേരിടേണ്ടി വന്നു. വൈലൻസിന്റെ അതിപ്രസരം, 18 പ്ലസ് നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തുടങ്ങി നിരവധി വിമർശനങ്ങളാണ് ചിത്രം നേരിട്ടത്. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. തെന്നിന്ത്യൻ നടി രശ്മിക മന്ദാനയായിരുന്നു നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.