നമിത് മൽഹോത്ര, രൺബീർ കപൂർ
തീപിടിത്തത്തിന് പിന്നാലെ 'രാമായണ' നിർമാതാവിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ബോളിവുഡിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിതേഷ് തിവാരിയുടെ 'രാമായണ'യുടെ റിലീസിന് ഒരു മാസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ നിർമാതാവ് നമിത് മൽഹോത്രയുടെ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന. മുംബൈയിലെ പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തിയത്. വിദേശത്തേക്കുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. എന്നാൽ ഏതൊക്കെ ഇടപാടുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്, അന്വേഷണത്തിന്റെ വ്യാപ്തി എന്താണ് എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
മുംബൈയിലെ പ്രൈം ഫോക്കസിന്റെ ഹെഡ് ഓഫീസ്, സ്റ്റുഡിയോ, കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, കമ്പനിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫീസ് എന്നിവിടങ്ങളിലാണ് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചത്. നമിത് മൽഹോത്രയുടെ വസതിയിലും പരിശോധന നടന്നതായി ചില റിപ്പോർട്ടുകളുണ്ട്.
നേരത്തെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഫോക്കസിലേക്ക് അന്വേഷണം നീണ്ടതെന്നാണ് സൂചന. നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേട്, വിദേശത്തേക്ക് പണം കടത്തൽ എന്നീ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. പ്രൈം ഫോക്കസ് തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ വിശദീകരണത്തിൽ ആദായ നികുതി നിയമപ്രകാരം തങ്ങളുടെ ചില ഓഫീസുകളിൽ സെർച്ച് ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും അധികൃതരുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ബിസിനസ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾക്ക് വൻ ഇടിവാണ് ഉണ്ടായത്. ഒക്ടോബർ 7 ന് രാവിലെ ട്രേഡിംഗിൽ പ്രൈം ഫോക്കസിന്റെ ഓഹരികൾ 8 മുതൽ 9 ശതമാനം വരെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഓഹരി 265 രൂപ വരെയായി താഴ്ന്നു. ഇതേ തുടർന്ന് ബിഎസ്ഇയും എൻഎസ്ഇയും കമ്പനിയോട് വിശദീകരണം തേടിയിരുന്നു. ആഗോള വിനോദ വ്യവസായത്തിൽ വലിയ സാന്നിധ്യമുള്ള കമ്പനിയാണ് പ്രൈം ഫോക്കസ്. വിഷ്വൽ എഫക്റ്റ്സ്, ആനിമേഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, കണ്ടന്റ് ക്രിയേഷൻ എന്നീ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 92 ശതമാനവും ഇന്ത്യക്ക് പുറത്തുള്ള വിപണികളിൽ നിന്നാണ് വരുന്നത് എന്നതിനാലാണ് വിദേശ പണമിടപാടുകൾ ഇത്രയും പ്രധാനമായ അന്വേഷണ വിഷയമാകുന്നത്. കൽക്കി 2898 AD, സ്ത്രീ 2, ഛാവ, റാ-വൺ, ഏക് ഥാ ടൈഗർ, ഫൈറ്റർ, സ്കൈ ഫോഴ്സ് തുടങ്ങി നിരവധി വലിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രൈം ഫോക്കസ് പ്രവർത്തിച്ചിട്ടുണ്ട്.
റെയ്ഡിന് ദിവസങ്ങൾക്ക് മുൻപാണ് പ്രൈം ഫോക്കസ് സ്റ്റുഡിയോയിലെ 'രാമായണ' സെറ്റിന് സമീപം ചെറിയ തീപിടിത്തം ഉണ്ടായത്. ആർക്കും പരിക്കേറ്റില്ലെങ്കിലും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദായ നികുതി പരിശോധന. അതേസമയം 'രാമായണ'യെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിന് ഒരു കുറവുമില്ല. ഏകദേശം 4000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ പ്രോജക്ടാണിത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും അരുൺ ഗോവിൽ ദശരഥനായും ലാറ ദത്ത കൈകേയിയായും രാകുൽ പ്രീത് സിങ് ശൂർപ്പണഖയായും വേഷമിടുന്നു.
ആദിപുരുഷിന് നേരിട്ട വിമർശനം ആവർത്തിക്കാതിരിക്കാൻ റിലീസിന് മുൻപ് സിനിമ രാംലീല മഹാസംഘത്തെ കാണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. രണ്ട് ഭാഗങ്ങളായാണ് 'രാമായണ' എത്തുന്നത്. ആദ്യ ഭാഗം 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' 2026 നവംബർ 5ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027 ദീപാവലിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.