ത​െൻറ സിനിമയിലെ ഗാനചിത്രീകരണത്തെ അപമാനിക്കുന്ന വ്യാജ വിഡിയോക്കെതിരെ പ്രിയനന്ദൻ

ധബാരി ക്യുരുവിയുടെ ഗാനചിത്രീകരണത്തെ അപമാനിക്കുന്ന വ്യാജ വിഡിയോക്കെതിരെ പ്രതികരണവുമായി സംവിധായകൻ പ്രിയനന്ദൻ. മനുഷ്യനെയും ഭൂമിയുടെ മുഴുവൻ ജൈവികതകളെയും കല കൊണ്ട് കെട്ടിപ്പിടിക്കുക എന്ന കലയുടെ ദൗത്യമാണ് കാലങ്ങളായി സംവിധായകൻ എന്ന നിലയിൽ താൻ  ചലച്ചിത്രകലയിലും നിറവേറ്റി കൊണ്ടിരിക്കുന്നതെന്ന്​ അദ്ദേഹം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറഞ്ഞു. വിഭിന്നമായ മനുഷ്യജീവിതത്തെയും, അതിന്റെ വ്യത്യസ്തമായ സംസ്‌കാരങ്ങളെയും ഏറ്റവും സത്യസന്ധമായി സിനിമയിൽ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ത​െൻറ സിനിമകളൊക്കെയും എന്ന് ഹൃദയത്തിൽ കൈ ചേർത്ത് തന്നെ പറയാനാവുമെന്നും പ്രിയനന്ദൻ പറഞ്ഞു.


എന്റെ ചിത്രീകരണം ആരംഭിച്ച പുതിയ സിനിമയായ ധബാരി ക്യുരുവി ഗോത്രസംസ്കൃതിയെ മുൻ നിർത്തി ആദിവാസി ഗോത്രസമൂഹത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഒരുക്കുന്ന സിനിമയാണ്.. എന്റെ പുതിയ സിനിമയുടെ ഗാനചിത്രീകരണമെന്ന രീതിയിൽ ഗോത്രസംസ്‌കാരത്തെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ച ഒരു വികലനൃത്തരംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതായി അറിഞ്ഞു. എന്റെ സിനിമ മൃതിയടയുന്ന ഗോത്രസംസ്കൃതിയുടെയും, ഗോത്ര കലകളുടെയും, ഗോത്ര ഭാഷയുടെയും അതിജീവനം എന്ന സംസ്ക്കാരിക ദൗത്യത്തെ കൂടി മുൻനിർത്തിയാണ് ഒരുക്കുന്നത്. സിനിമയിൽ ഒരു കാരണവശാലും ഉൾപ്പെടുത്താനാവാത്ത ഏതോ കുടിലബുദ്ധികളുടെ തലച്ചോറിലുദിച്ച വിചാരവൈകല്യത്തെ എന്റെ സിനിമയുടെ പേരിൽ പ്രചരിപ്പിക്കുന്ന തരം സൂത്ര വിദ്യകളിൽ നില തെറ്റി വീഴുന്നതല്ല പ്രിയനന്ദനൻ എന്ന സംവിധായകന്റെ സിനിമകളുടെ ചരിത്രവും, വാർത്തമാനവുമൊന്നും തന്നെ എന്ന് ഓർമ്മിപ്പിക്കുന്നു. കലയുടെ മണ്ണിൽ സത്യസന്ധതയുടെയും, മനുഷ്യത്വത്തിന്റെയും വേരുറപ്പിച്ചു വളർന്നതാണ് എന്റെ സിനിമകൾ. ഒരു വ്യാജ വീഡിയോയുടെ സോഷ്യൽ മീഡിയ കുപ്രചാരണങ്ങളിൽ തകർന്നു വീഴുന്നത്രയ്ക്ക് ദുർബലമല്ല നേരിന്റെ വേരുറപ്പുള്ള കലകളൊന്നും തന്നേ എന്ന പൂർണ്ണബോധ്യവുമുണ്ട്. -പ്രിയനന്ദൻ പറഞ്ഞു.

പൂർണ്ണമായും കലാമൂല്യമുള്ള സിനിമകൾക്ക് വേണ്ടിയാണ് ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ ഇക്കണ്ട കാലമൊക്കെയും പ്രവർത്തിച്ചിട്ടുള്ളത്. കലർപ്പും, കാപട്യവുമില്ലാത്ത കലാനിർമ്മിതി എന്ന ലക്ഷ്യമാണ് എന്നെ കലാനിർമ്മിതിയിൽ മുന്നോട്ട് നയിക്കുന്നത്.

കലയുടെ സൂര്യവെളിച്ചത്തെ ഒരു കുമ്പിൾ വ്യാജപ്രചാരണത്തിന്റെ ഇരുട്ട് കൊണ്ട് മൂടി വെക്കാം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളു... എന്റെ രക്തത്തിന്റെയും വിയർപ്പിന്റെയും ആത്മബലികളാണ് എന്റെ കലകളെല്ലാം.. കുപ്രചാരണത്തിന്റെ ചാറ്റൽ മഴയിൽ ഒലിച്ചു പോവുന്ന വേരുറപ്പല്ല എന്റെ കലക്കുള്ളത്.. എന്റെ സിനിമകളെ അറിയുന്ന, എന്റെ പ്രിയപ്പെട്ട സിനിമ സഹയാത്രികർക്ക് എന്റെ സിനിമയിൽ ഒരിക്കലും കാണാനിടയില്ലാത്ത വ്യാജകാഴ്ചകളെ തിരിച്ചറിയാനുള്ള ചിരപരിചിതത്വം ഉറപ്പായും ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു... കുപ്രചാരണത്തിന്റെ പിത്തലാട്ടങ്ങൾക്ക് നല്ല സിനിമയെ തകർക്കാനാവില്ലെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പറഞ്ഞു കൊണ്ട് നിർത്തുന്നു. -അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Priyanandan against fake video insulting his film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.