പ്രണവ് മോഹൻ ലാലിന്‍റെ ആദ്യ ഹൊറർ ചിത്രമായ ഡീയസ് ഈറെ മികച്ച കലക്ഷനുമായി മുന്നേറുകയാണ്. രണ്ടാം ദിനവും തിയറ്ററിൽ കുതിപ്പ് തുടർന്ന സിനിമ നേടിയത് 10 കോടി. ആദ്യ ദിവസം ലഭിച്ച പോസറ്റീവ് പ്രതികരണങ്ങൾ വൻ സാമ്പത്തിക നേട്ടങ്ങളിലേക്ക് സിനിമയെ എത്തിക്കുകയാണ്.
ആദ്യ ദിനത്തിൽ 4.7 കോടി രൂപ കലക്ഷനാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വർധനവോടെ 5.75 കോടി രൂപ നേടി. ചിത്രത്തിന്‍റെ മൊത്തം കലക്ഷൻ 10.45 കോടിയായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ട്രെൻഡ് അനുസരിച്ച് വാരാന്ത്യത്തിന്‍റെ അവസാനത്തോടെ 17 കോടി രൂപയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
പ്രണവിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും മികച്ച പ്രകടനവുമാണ് ഡീയസ് ഈറെയിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
ഡീയസ് ഈറെ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ഉഗ്ര കോപത്തിന്റെ ദിനം എന്നാണ് വാക്കിന് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഈറെ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.