മമ്മൂട്ടി മത്സരിക്കുന്നത് ചെറുപ്പക്കാരോട്, അദ്ദേഹത്തിൽ നിന്നും ചെറുപ്പക്കാർക്ക് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ്

മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പുരസ്‌കാര നിർണയത്തിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. സീനിയർ‌ ആയതുകൊണ്ടല്ല മമ്മൂട്ടിയെ പുരസ്കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

മികച്ച കുട്ടികളുടെ സിനിമക്കോ ബാലതാരത്തിനോ പുരസ്‌കാരം നൽകാൻ കഴിയാത്തതിലുള്ള വിഷമം അദ്ദേഹം പങ്കുവച്ചു. സ്ത്രീകേന്ദ്രീകൃത സിനിമകൾക്ക് സമൂഹം സമയം നൽകിയത് പോലെ, കുട്ടികളുടെ ലോകത്തെക്കുറിച്ച് മനസിലാക്കാനും കഴിയണം. മുതിർന്നവരും യുവാക്കളും മാത്രമല്ല, കുട്ടികളും സമൂഹത്തിന്റെ ഭാഗമാണ്. അവരുടെ ചിന്തകളും ലോകവും സിനിമയിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന താരങ്ങൾ മാതാപിതാക്കളാണെന്ന് കാണിക്കാൻ മാത്രം കുട്ടികളെ കാസ്റ്റ് ചെയ്യുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല.

മത്സരത്തിന് 128 സിനിമകൾ എത്തിയെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയത്. ഈ മികച്ച സിനിമകൾ കണ്ടപ്പോൾ കൂടുതൽ അത്തരത്തിലുള്ള സൃഷ്ടികൾ മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചുപോയി.

‘‘സംസ്ഥാനചലച്ചിത്ര പുരസ്‌കാര ജൂറി ചെയർമാൻ എന്ന ഈ വലിയ കർത്തവ്യം എന്നെ ഏൽപ്പിച്ചതിന് നന്ദി. അത് ഒരു എളുപ്പമുള്ള പണി അല്ലായിരുന്നു. പക്ഷേ എന്റെ കൂടെ ഉള്ള ജൂറി അംഗങ്ങൾ എന്ന മികവുറ്റ സഹപ്രവർത്തകർ ഈ ജോലി എനിക്ക് എളുപ്പമാക്കിതന്നു. എന്റെ കൂടെ പ്രവർത്തിച്ച എല്ലാ ജൂറി അംഗങ്ങൾക്കും നന്ദി. പത്തു ദിവസം ഒരു ലൈബ്രറിയിൽ ഇരുന്ന് 2024 ൽ മലയാള സിനിമയിൽ എന്താണ് സംഭവിച്ചതെന്ന് കാണുകയും പഠിക്കുകയും ചെയ്യാം എന്ന് കരുതിയാണ് ഞാൻ വന്നത്. ഈ പത്തു ദിവസത്തെ എന്റെ സഹപ്രവർത്തകരോടൊപ്പമുള്ള ഈ യാത്ര ഞാൻ ആസ്വദിച്ചു. ഈ ജൂറി എടുത്ത തീരുമാനങ്ങൾ മലയാളം സിനിമയുടെ ആരാധകരെ തൃപ്തിപ്പെടുത്തി എന്ന് ഞാൻ കരുതുന്നു."- പ്രകാശ് രാജ് പറഞ്ഞു.  

Tags:    
News Summary - Prakash Raj says Mammootty is competing with the youth, and the youth have something to learn from him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.