'നമ്മുടെ കഥകൾ പറയാൻ നിങ്ങളുടെ കല ഉപയോഗിച്ചതിന് നന്ദി...' ബൈസൺ കാലമാടനെ പ്രശംസിച്ച് പ്രകാശ് രാജ്

ധ്രുവ് വിക്രം നായകനായ ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ കാലമാടൻ. മാരി സെൽവരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ, ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ, ബൈസൺ കാലമാടൻ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

'ബൈസൺ കാലമാടൻ ഒടുവിൽ നെറ്റ്ഫ്ലിക്സിൽ കണ്ടു. നമ്മുടെ കഥകൾ പറയാൻ നിങ്ങളുടെ കല ഉപയോഗിച്ചതിന് പാ രഞ്ജിത്തിനും മാരി സെൽവരാജിനും നന്ദി. നിങ്ങളെ രണ്ടുപേരെയും ഉണർത്തിയ വേദന എനിക്ക് കാണാൻ കഴിയും. നിങ്ങളുടെ സത്യത്തിനും, ചർച്ചകൾ സജീവമായി നിലനിർത്തുന്നതിനും കൂടുതൽ ശക്തി' -പ്രകാശ് രാജ് കുറിച്ചു.

75 കോടിയിലധികം കലക്ഷൻ നേടിയ തിയറ്റർ റണ്ണിന് ശേഷം നവംബർ 21ന് ബൈസൺ കാലമാടൻ നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു. ഡിജിറ്റൽ റിലീസിന് ശേഷവും ചിത്രം പ്രേക്ഷകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടുന്നത് തുടരുകയാണ്. മുൻ ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മാനത്തി ഗണേശന്‍റെ ജീവിതത്തെയും കരിയറിനെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പശുപതി, രജിഷ വിജയൻ, ലാൽ, അമീർ, അനുപമ പരമേശ്വരൻ, അഴഗം പെരുമാൾ തുടങ്ങിയവരാണ് ബൈസണിലെ അഭിനേതാക്കൾ. മാരി സെൽവരാജിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി ബൈസൺ കാലമാടൻ മാറി.

പാ രഞ്ജിത്ത് അദിതി ആനന്ദ് സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.  

Tags:    
News Summary - Prakash Raj praises Bison Kaalamaadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.