അവർ കുരക്കുകയേ ഉള്ളൂ, കടിക്കില്ല; 'പത്താൻ' വിവാദത്തിൽ പ്രകാശ് രാജ്

‘അവർ കുരക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന്’ നടൻ പ്രകാശ് രാജ്. തിരുവനന്തപുരത്ത് നടന്ന സാഹിത്യ പരിപാടിയിൽ ഷാരുഖ് ഖാൻ നായകനായ പത്താൻ സിനിമയെപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്താൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുക മാത്രമാണ് ചെയ്യുകയെന്നും പക്ഷെ കടിക്കില്ലെന്നുമാണ് പ്രകാശ് ‌രാജ് പറഞ്ഞത്.

‘അവർക്ക് പത്താൻ നിരോധിക്കണമെന്നായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് ഇപ്പോൾ പത്താൻ. പത്താൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ പക്ഷെ കടിക്കില്ല’-പ്രകാശ് രാജ് പറഞ്ഞു.

‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ്, പക്ഷെ നമുക്കറിയാം ഇതാര് നിർമിച്ചതാണെന്നത്. അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിർത്തുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് തനിക്ക് ഓസ്‌കാർ ലഭിക്കാത്തതെന്നാണ് സംവിധായകൻ ചോദിക്കുന്നത്. വളരെ സെൻസിറ്റിവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ അവർ മാറ്റിവച്ചിരിക്കുന്നത്. പക്ഷെ നിങ്ങൾക്ക് എപ്പോഴും ഒരാളെ വിഡ്ഡിയാക്കാനാകില്ല’-വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കശ്‌മീർ ഫയൽസിനെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞു.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. പത്താനിലെ ബേഷറം രംഗ് എന്ന ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച് കാവി വസ്ത്രത്തിന് എതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. ആദ്യ​ഗാനം റിലീസ് ചെയ്തതിന് ശേഷം ഉണ്ടായ ബഹിഷ്കരണാഹ്വാനങ്ങളിലും വിവാദങ്ങളിലും വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്.

പത്താൻ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്...എന്നാണ് പ്രകാശ് രാജ് അന്ന് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറിൽ ആണ് പത്താനിലെ ബേഷറം രം​ഗ് എന്ന ​ഗാനം റിലീസ് ചെയ്തത്.

Tags:    
News Summary - Prakash Raj calls Boycott Pathaan gang ‘idiots’, takes a dig at PM Modi biopic’s poor box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.