സലാറിന്റെ രണ്ടാം ഭാഗം എപ്പോൾ; വെളിപ്പെടുത്തി പ്രഭാസ്

 പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ഒന്നാംഭാഗം സലാർ പാർട്ട് 1 സീസ് ഫയർ ആണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. 2023 ഡിസംബർ 22 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 600 കോടി ആഗോളതലത്തിൽ നിന്ന് നേടിയിട്ടുണ്ട്. സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

സലാർ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ പ്രഭാസ്. സിനിമയുടെ കഥ ഇതിനോടകം തയാറായിട്ടുണ്ട്. ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് പ്രഭാസ് പറയുന്നത്.

'ഒരുപാട് പേർ സലാറിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്ക് അറിയാം. എത്രയും വേഗം ചിത്രം നിങ്ങളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ. കഥ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.  എത്രയും വേഗം ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെയും ലക്ഷ്യം. ഞങ്ങളും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഏറെ വൈകാതെതന്നെ സലാർ പാർട്ട് 2 ന്റെ വിശദാംശങ്ങൾ ഞങ്ങൾ പുറത്തുവിടും.

വ്യത്യസ്ത  കഥകളിലൂടെ ആളുകളെ രസിപ്പിക്കുക എന്നതാണ് എന്റെ ഒരേയൊരു ലക്ഷ്യം.  സലാർ ഒരു മാസ് ചിത്രമാണ്. അടുത്ത പ്രൊജക്റ്റ് ഒരു ഹൊറർ ചിത്രമാണ്. വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സലാറിന് ലഭിച്ചത് പോലെ  തന്റെ വരും ചിത്രങ്ങൾക്കും പ്രേക്ഷകരുടെ സ്നേഹം ലഭിക്കുമെന്ന് കരുതുന്നു'- പ്രഭാസ് പറഞ്ഞു.

ദേവയായി പ്രഭാസും, വർദരാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. അഞ്ച് ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സലാറിൽ വമ്പൻ താര നിര തന്നെയാണ് ഉള്ളത്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീത സംവിധാനം- രവി ബസ്രുർ.

Tags:    
News Summary - Prabhas reveals when he will start shooting for Salaar 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.