ക്രിസ്റ്റഫർ നോളൻ

‘പഥേർ പാഞ്ചാലി’ എന്റെ മനസ്സ് കീഴടക്കി; ഇന്ത്യൻ ഇതിഹാസ സംവിധായകനെ വാനോളം പുകഴ്ത്തി ക്രിസ്റ്റഫർ നോളൻ

ന്യൂയോർക്ക്: ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകൻ സത്യജിത് റായിക്ക് ആദരമർപ്പിച്ച് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. റായിയുടെ ക്ലാസിക് ചിത്രമായ 'പഥേർ പാഞ്ചാലി' തനിക്ക് മറക്കാനാവാത്ത സിനിമ അനുഭവമാണ് സമ്മാനിച്ചതെന്നും ചിത്രം തന്റെ മനസ്സ് കീഴടക്കിയെന്നും നോളൻ പറഞ്ഞു. ന്യൂയോർക്കിലെ പ്രശസ്തമായ 'ക്രൈറ്റീരിയൻ ക്ലോസറ്റ്' സന്ദർശനത്തിനിടെയാണ് നോളൻ സത്യജിത് റായിയെയും അദ്ദേഹത്തിന്റെ അപൂർവ്വ സൃഷ്ടികളെയും വാനോളം പുകഴ്ത്തിയത്.

ലഭ്യമായ ലോകോത്തര ക്ലാസിക് സിനിമകളിൽനിന്ന് തനിക്ക് പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുന്നതിനിടെയാണ് നോളൻ സത്യജിത് റായിയുടെ 'അപ്പു ട്രിലോഗി'യ്ക്ക് പ്രഥമ പരിഗണന നൽകിയത്. ക്രൈറ്റീരിയൻ കളക്ഷൻ തങ്ങളുടെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച വിഡിയോയിൽ, റായ് ലോക സിനിമയ്ക്ക് നൽകിയ സംഭാവനകളെ കുറിച്ച് നോളൻ അനുസ്മരിക്കുകയുണ്ടായി.

"ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് സത്യജിത് റായ്. അദ്ദേഹത്തിന്റെ 'അപ്പു ട്രിലോഗി'യിലെ ആദ്യ ചിത്രമായ 'പഥേർ പാഞ്ചാലി' അവിശ്വസനീയമായ അനുഭവമായിരുന്നു. അത് എന്റെ മനസ്സിനെ അത്രയേറെ സ്വാധീനിച്ചു. ട്രിലോഗിയിലെ രണ്ടും മൂന്നും ഭാഗങ്ങൾ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതിനാൽ തന്നെ ഈ സീരീസ് മുഴുവനായി കണ്ടുതീർക്കാനുള്ള ആകാംക്ഷയിലാണ് ഞാൻ." -എന്ന് ക്രിസ്റ്റോഫർ നോളൻ പറയുന്നു

ലോകമെമ്പാടുമുള്ള ആയിരത്തിലധികം ക്ലാസിക് സിനിമകളുടെ ശേഖരമുള്ള കേന്ദ്രമാണ് 'ക്രൈറ്റീരിയൻ ക്ലോസറ്റ്'. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും ഇവിടെ സന്ദർശിക്കുകയും തങ്ങളെ സ്വാധീനിച്ച സിനിമകളെക്കുറിച്ച് സംസാരിക്കാറുമുണ്ട്.

ഇന്ത്യൻ സിനിമാസംസ്കാരത്തോടുള്ള നോളന്റെ താൽപര്യം മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ' ദി ഒഡീസി'യുടെ പ്രചാരണാർത്ഥം നിർമാതാവ് എമ്മ തോമസ്, അഭിനേതാക്കളായ മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവർക്കൊപ്പം അദ്ദേഹം അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. നോളന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്.

മുംബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കവെ, ഇന്ത്യൻ സിനിമാപ്രേമികളുടെ സിനിമയോടുള്ള അഭിനിവേശത്തെ നോളൻ പ്രശംസിച്ചിരുന്നു. സിനിമയോടും അതിന്റെ സാധ്യതകളോടും ഇത്രയധികം ആഴത്തിൽ ബന്ധപ്പെടുന്ന പ്രേക്ഷകരെ ലോകത്ത് വേറെങ്ങും കണ്ടിട്ടില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മുമ്പ് 2011ൽ 'ദ ഡാർക്ക് നൈറ്റ് റൈസസ്' എന്ന ചിത്രത്തിന്റെ ചില രംഗങ്ങൾ ജോധ്പൂരിലെ മെഹ്റാൻഗഡ് കോട്ടയിൽ ചിത്രീകരിക്കാനും, 2019-ൽ 'ടെനറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനുമായി നോളൻ ഇന്ത്യയിലെത്തിയിരുന്നു. ഹോമറിന്റെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി നോളൻ സംവിധാനം ചെയ്ത ' ദി ഒഡീസി' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ലോകസിനിമയിലെ നാഴികക്കല്ലായ അപ്പു ട്രിലോഗി

വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി 1955ൽ പുറത്തിറങ്ങിയ 'പഥേർ പാഞ്ചാലി'യിലൂടെയാണ് അപ്പു ട്രിലോഗി ആരംഭിക്കുന്നത്. ഗ്രാമീണ ബംഗാളിലെ ദാരിദ്ര്യത്തിനിടയിൽ വളരുന്ന അപ്പു എന്ന കുട്ടിയുടെയും അവന്റെ കുടുംബത്തിന്റെയും ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന അവതരണവും വൈകാരിക തനിമയും കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രം ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്നു. അപ്പുവിന്റെ കൗമാരവും യൗവനവും ആവിഷ്കരിച്ച ' അപരാജിതോ' (1956), ' അപൂർ സൻസാർ' (1959) എന്നിവയാണ് ട്രിലോഗിയിലെ മറ്റ് ചിത്രങ്ങൾ.

Tags:    
News Summary - 'Pather Panchali' won my heart; Christopher Nolan heaps praise on the legendary director of Indian cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.