രാജ്യത്തെ ഏകീകരിക്കുവാൻ എളുപ്പം സാധിക്കുന്നത് സംഗീതത്തിന് -പി.എസ്. ശ്രീധരൻ പിള്ള

കൊച്ചി: വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളുമുള്ള ഒരു രാജ്യത്തെ ഏകീകരിക്കുവാൻ ഏറ്റവും അധികം സാധിക്കുന്നത് സംഗീതത്തിനാണെന്ന് ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള. അന്തരിച്ച മലയാളം ഗസൽ ഗായകൻ ഉമ്പായിയുടെ നാലാം ചരമ വാർഷികത്തിനോടനുബന്ധിച്ച് ജി. ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ 'ദേവദാരു', ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച 'ഉമ്പായി ഒരോർമ' അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രാപ്യത തേടിയുള്ള തൃഷ്ണയാണ് ഏതൊരു മനുഷ്യനേയും മൂല്യമുള്ള ഒരു വ്യക്തിയാക്കുന്നതെന്നും കലയുടേയും സംഗീതത്തിൻറേയും പ്രാധാന്യം തിരിച്ചറിഞ്ഞ് അതിൽ അഗാധമായി ഇഴകിച്ചേർന്നു എന്നതാണ് ഉമ്പായിയുടെ വിജയമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഉമ്പായിയെ കുറിച്ച് സതീഷ് കളത്തിൽ സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ഡോക്യുമെൻററി, അറബിക്കടലിൻറെ ഗസൽ നിലാവിൻറെ ടൈറ്റിൽ സോങ്ങ്, 'സിതയേ സുതനുവേ' യുടെ ഓഡിയോ സി. ഡി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ.ഷൈലജ ടീച്ചർക്കു നൽകി ഗവർണ്ണർ പ്രകാശനം ചെയ്തു. സതീഷ് കളത്തിലിൻറെ വരികൾ ചിട്ടപ്പെടുത്തിയത് അഡ്വ. പി.കെ. സജീവും പാടിയത് ശിവദേവ്‌ ഉണ്ണികുമാറുമാണ്. ചടങ്ങിൽ ഗവർണ്ണർ, ഗസൽ ഗായകൻ ജിതേഷ് സുന്ദരത്തിനും കവിയും വിവര്‍ത്തകനുമായ വേണു വി. ദേശത്തിനും ദേവദാരു ഫൗണ്ടേഷൻറെ ഈ വർഷത്തെ ഉമ്പായി പുരസ്കാരങ്ങൾ സമ്മാനിച്ചു.

കൊച്ചി മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ, കളമശ്ശേരി മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ റുക്കിയ ജമാൽ, സിനിമാ നടൻ നാസർ ലത്തീഫ്, പിന്നണി ഗായകൻ സി. കെ. സാദിഖ്, എഴുത്തുകാരൻ വി. ആർ. രാജമോഹൻ, ദേവദാരു പ്രസിഡൻറ് കെ.എം താജുദ്ദീൻ, ഡോ. എൻ.എസ്.ഡി.രാജു എന്നിവർ പ്രസംഗിച്ചു.

തുടർന്ന്, സി. കെ. സാദിഖിൻറെ നേതൃത്വത്തിൽ 'വീണ്ടും പാടാം സഖീ' എന്ന ഉമ്പായി ഗസലുകളുടെ ആലാപനവും അരങ്ങേറി.

Tags:    
News Summary - P. S. Sreedharan Pillai About Ghazal Singer Umbayee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT