മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കളങ്കാവൽ നവംബർ 27ന് തിയറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകന് പകരം പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജിതിൻ കെ.ജോസ്. ക്ലബ് എഫ്.എമ്മിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങളുടെ മനസിൽ രണ്ട് കഥാപാത്രങ്ങളുണ്ടായിരുന്നു, ഒന്ന് മമ്മൂക്കയും മറ്റൊന്ന് പൃഥ്വിയും. ആ സാധ്യതയാണ് ഞങ്ങൾ ആദ്യം പരിഗണിച്ചത്. അത് പൃഥ്വിരാജിനോട് അവതരിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മമ്മൂക്കയുടെ പേര് പറഞ്ഞില്ലെങ്കിലും, മറ്റേ കഥാപാത്രത്തിന് അദ്ദഹമായിരിക്കും അനുയോജ്യനെന്ന് പൃഥ്വിരാജ് തന്നെയാണ് നിർദേശിച്ചത്. ഞങ്ങൾക്കും അതേ ആശയം തന്നെയായിരുന്നുവെന്ന് ഞാൻ അറിയിച്ചു.
വിനായകന്റെ കഥാപാത്രത്തെപ്പറ്റി ആദ്യം പൃഥ്വിരാജിനോടാണ് പറഞ്ഞത്. ഞങ്ങൾ മമ്മൂക്കയെ സമീപിച്ചു. അദ്ദേഹം പ്രോജക്റ്റ് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സ്വാഭാവികമായും ഇതൊരു മമ്മൂട്ടി ചിത്രമായി മാറി. അതോടെ മുൻഗണന അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ലഭ്യതക്കുമായി. മമ്മൂട്ടിയുടെ ഡേറ്റുകൾ അനുസരിച്ച് മുഴുവൻ ഷൂട്ടും പ്ലാൻ ചെയ്തപ്പോൾ എമ്പുരാന്‍റെ തിരക്കുകൾ കാരണം പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയില്ല. അതോടെ ഞങ്ങൾ മറ്റ് നടന്മാരെ പരിഗണിച്ചു. ഒടുവിൽ മമ്മൂട്ടി തന്നെയാണ് വിനായകനെ നിർദേശിച്ചത്” ജിതിൻ പറഞ്ഞു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. സിനിമയിൽ സ്റ്റാൻലി ദാസെന്ന സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. വിനായകൻ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കഥ എഴുതി തുടങ്ങുമ്പോൾ ഈ കഥാപാത്രമായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നത്. ആ കഥാപാത്രത്തിന്റെ മുഖം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ മമ്മൂക്കയുടെ മുഖം മാത്രമാണ് ഞങ്ങളുടെ മനസിൽ വന്നത്. നടൻ എന്ന നിലയിൽ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം ഇപ്പോൾ വളരെ എക്സൈറ്റിങായ ഒരു ഫേസിലൂടെയാണ് സഞ്ചരിക്കുന്നത്. കഥാപാത്രങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഏറെ എക്‌സ്‌പ്ലോർ ചെയ്യുന്നുണ്ട്. കളങ്കാവലിലെ കഥാപാത്രവും അദ്ദേഹത്തിലെ നടന് വെല്ലുവിളി നൽകാൻ കഴിയുന്ന ഒന്നായിരിക്കുമെന്നുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്ന് തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാറും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.