ഡാനിയൽ റാഡ്ക്ലിഫ്, ഡൊമനിക് മക് ലോഗ്ലിൻ
ഭാഷയുടേയോ സംസ്കാരത്തിന്‍റേയോ അതിർവരമ്പുകളില്ലാതെ ഒരു തലമുറയുടെതന്നെ ബാല്യകാലം മാന്ത്രികതയുടെ മായാജാലംകൊണ്ട് മനോഹരമാക്കിതീർത്ത നോവൽ പരമ്പരയാണ് ഹാരി പോട്ടർ. ചിത്രീകരിക്കപെട്ട ഹാരി പോട്ടർ സീരീസിലെ ഓരോ കഥാപാത്രങ്ങളും ഇന്നും ആ മായാ ലോകത്തെ ജീവനുള്ള വ്യക്തികളായി പ്രേക്ഷകമനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്. കാലമെത്രതന്നെ കഴിഞ്ഞാലും ഹാരി പോട്ടർ ആരാധകർ കൂടിവരികയാണ്. ഒരോ പ്രായത്തിൽ കാണുമ്പോളും ഹാരി പോട്ടറിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും കാണാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്.
പുതിയ ഹാരി പോട്ടർ സീരീസ് പ്രഖ്യാപിച്ചതുമുതൽ കാസ്റ്റിങിനെകുറിച്ചുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഡാനിയൽ റാഡ്ക്ലിഫ് അനുസ്മരണീയമാക്കിയ ഹാരി പോട്ടർ എന്ന കഥാപാത്രം അത്രയധികം ആരാധക മനസ്സിൽ പതിഞ്ഞു കഴിഞ്ഞതാണ്. ഇനി അതേ കഥാപാത്രത്തിലേക്ക് മറ്റൊരു മുഖം വരുമ്പോൾ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത് വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതാകും. ഡൊമനിക് മക് ലോഗ്ലിൻ എന്ന ബാലതാരമാണ് പുതിയ ഹാരിപോട്ടറായി എത്തുന്നത്. ഇപ്പോൾ സീനിയർ ഹാരിപോട്ടറായ ഡാനിയൽ റാഡ്ക്ലിഫിൽ നിന്നും തനിക്ക് കത്തു ലഭിച്ചതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡൊമനിക് മക് ലോഗ്ലിൻ.
ഒരു മാഷ് അപ്പ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് റാഡ്ക്ലിഫിൽ നിന്ന് കത്ത് ലഭിച്ചതിനെക്കുറിച്ച് ഡൊമനിക് പറഞ്ഞത്. 'അത് അപ്രതീക്ഷിതമായിരുന്നു. എന്റെ അച്ഛൻ എനിക്ക് ട്രെയിനിൽ വച്ചാണ് ആ കത്ത് തന്നത്. ഞാൻ അത് വായിച്ചു. പിന്നെ താഴേക്ക് നോക്കിയപ്പോൾ അതിൽ 'ഡാൻ ആർ' എന്ന് എഴുതിയിരുന്നു. എനിക്ക് അത് വിശ്വസിക്കാനായില്ല. ശാന്തനാകാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി'. പരമ്പരയുടെ ഷൂട്ടിങ് വളരെ നന്നായി നടക്കുന്നുണ്ടെന്നും സെറ്റുകളിൽ തനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുഡ് മോർണിങ് അമേരിക്കക്ക് നൽകിയ അഭിമുഖത്തിൽ ഡൊമിനിക് മക്ലാഫ്ലിനിൽ നിന്ന് വളരെ മധുരമുള്ള ഒരു നന്ദി കുറിപ്പ് തനിക്ക് തിരിച്ചും ലഭിച്ചുവെന്ന് ഡാനിയൽ റാഡ്ക്ലിഫ് പറഞ്ഞു. 'നിങ്ങൾക്ക് ഏറ്റവും മികച്ച കുറച്ചു നിമിഷങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കു ലഭിച്ചതിനേക്കാൾ മികച്ച നിമിഷങ്ങൾ ലഭിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ഡാനിയലിന്‍റേയും മറ്റ് കുട്ടികളുടെയും ഈ ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. എനിക്ക് അവരെ കെട്ടിപ്പിടിക്കാൻ ആഗ്രഹമുണ്ട്. അവർ വളരെ ചെറുപ്പമാണ്. അവർ ഇതിലൂടെ മികച്ച സമയതന്നെ ആസ്വദിക്കുന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' റാഡ്ക്ലിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.