ജനപ്രിയ പരമ്പരയായ ‘സ്ട്രേഞ്ചർ തിങ്സിന്റെ’ അഞ്ചാം സീസണിന്റെ പ്രീമിയറിനിടെ നെറ്റ്ഫ്ലിക്സ് തകരാറിലായി. ഇന്നലെ രാത്രിയോടെയാണ്14,000 ത്തിലധികം ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടത്. പരമ്പരയുടെ പ്രീമിയർ കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ സ്‌ക്രീനുകൾ പ്രവർത്തനരഹിതമാവുകയും ആപ്പ് നിൽക്കുകയും ചെയ്തതായാണ് പരാതി. തുടർന്ന് നെറ്റ്ഫ്ലിക്സിനെതിരെ വിമർശനവുമായി പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നു.
വലിയ ഇവന്റുകൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് നെറ്റ്ഫ്ലിക്സിന് അറിയില്ലെന്നും കാത്തിരുന്ന സീരീസിന്റെ അവസാന സീസൺ കാണാൻ സാധിക്കാത്തത് നിരാശയാണെന്നും വിമർശനമുണ്ട്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ അവസാന സീസൺ കാണാൻ ആളുകൾ ഒരേസമയം എത്തിയതാണ് സെർവറുകളെ പ്രതിസന്ധിയിലാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.
എപ്പിസോഡ് റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ പരാതികളുടെ പ്രവാഹമായിരുന്നെന്ന് ഔട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. സേവനം നഷ്ടപ്പെട്ടതോടെ നെറ്റ്ഫ്ലിക്സ് ഡൗൺ, സ്ട്രേഞ്ചർ തിങ്സ് എന്നീ ഹാഷ് ടാഗുകളോട് കൂടി സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മൂന്ന് വർഷമായി സ്ട്രേഞ്ചർ തിങ്സ് സീസൺ 5നായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അത് വന്നപ്പോൾ നെറ്റ്ഫ്ലിക്സ് ഡൗൺ ആണെന്ന് പറയുന്നോ? എന്നാണ് നിരാശനായ ഒരു ആരാധകൻ എക്സിൽ കുറിച്ചത്. സീരീസിന്റെ അവസാന സീസൺ ആയതുകൊണ്ട് തന്നെ ഇത്തരം തടസ്സങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്. പരമ്പരയിലെ ‘അപ്സൈഡ് ഡൗൺ’ ലോകം നെറ്റ്ഫ്ലിക്സിനെ തന്നെ വിഴുങ്ങിയോ എന്ന തരത്തിലുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്
ലോകമെമ്പാടും വൻ ആരാധകരുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയാണ് സ്ട്രേഞ്ചർ തിങ്സ്. 2016 ൽ ആരംഭിച്ച പരമ്പരയുടെ അവസാനത്തെ സീസണാണ് പുറത്തിറങ്ങിയത്. യു.എസിലെ താങ്ക്സ്ഗിവിങ് ദിനത്തോടനുബന്ധിച്ചാണ് പരമ്പരയുടെ ഘട്ടം ഘട്ടമായുള്ള റിലീസ് നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.