നന്ദമുരി ബാലകൃഷ്ണ
സമൂഹ മാധ്യമങ്ങളിൽ പൊതുവെ വിവാദ വാർത്തകളിൽ ഇടം പിടിക്കാറുള്ള തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്ണ. താരത്തിന്‍റെ സഹ പ്രവർത്തകരോടുള്ള പെരുമാറ്റമാണ് പൊതുവെ ചർച്ചയാവാറുള്ളത്. നായികമാരോടുള്ള ബാലകൃഷ്ണയുടെ ഇടപഴകൽ കാണുന്നവർക്കുതന്നെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്.
അടുത്തിടെ അത്തരത്തിൽ വീണ്ടുമൊരു പ്രവൃത്തി താരത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി. ബജ്രംഗി ഭായ്ജാൻ ഫെയിം നടി ഹർഷാലി മൽഹോത്രക്കൊപ്പം അടുത്തിടെ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കായി ഇരുവരും വേദിയിൽ ഉണ്ടായിരുന്നു. വേദിയിൽ വച്ച് ബാലകൃഷ്ണ പെട്ടെന്ന് നടിയുടെ കൈയിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ കടുത്ത ട്രോളുകൾക്ക് താരം ഇരയായി.
എന്തുകൊണ്ടാണ് താരം വീണ്ടും ഇത്തരത്തിൽ ബഹുമാനമില്ലാതെ സ്ത്രീകളോട് പെരുമാറുന്നതെന്ന രൂക്ഷ വിമർശനങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. ഇത് ആദ്യമായല്ല ബാലകൃഷ്ണയുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത്. പല നായികമാരോടും നടൻ ഇത്തരത്തിൽ പെരുമാറിയത് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഉയരാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.