പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പുറത്ത്. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററിൽ എത്തും. ചിത്രത്തിന്‍റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് മോഹൻലാൽ തന്നെയാണ് റിലീസ് തീയത് പ്രഖ്യാപിച്ചത്.
'ചില കഥകൾ സിനിമയേക്കാൾ കൂടുതലാണ്, അവ പൈതൃകങ്ങളാണ്. ഈ ക്രിസ്മസിന് വൃഷഭയിൽ ആ പൈതൃകം ജീവസുറ്റതാകുന്നതിന് സാക്ഷ്യം വഹിക്കൂ. 2025 ഡിസംബർ 25ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു' -എന്നായിരുന്നു എക്‌സ് പോസ്റ്റ്. പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രം നേരത്തെ ദീപാവലിക്ക് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി,കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ‘വൃഷഭ’യിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെകയും എത്തുന്നുണ്ടെന്നാണ് വിവരം. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സഹ്‍റ എസ്. ഖാന്‍, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലും ആഗോള തലത്തിലും വമ്പന്‍ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്.
മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ചിത്രമാകുമിത്. ഇന്ത്യയിലുടനീളവും വിദേശത്തും ബോക്‌സ് ഓഫിസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശോഭ കപൂര്‍, ഏക്താ കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മിച്ചിരിക്കുന്നത്.
കണക്‌ട് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആന്‍റണി സാംസൺ ഛായാഗ്രഹണവും കെ.എം പ്രകാശ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിൽ സാം സി. എസ് സംഗീതവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ഒരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.