നടൻ മോഹൻലാൽ
ന്യൂഡൽഹി: ചലച്ചിത്ര മേഖലയിലെ സംഭാവനങ്ങൾക്കുള്ള രാജ്യത്തിന്റെ ആദരവായ ദാദ സാഹേബ് ഫാൽകെ പുരസ്കാര നേട്ടത്തിന്റെ തിളക്കത്തിനിടെ നടൻ മോഹൻ ലാൽ സൈനിക വേഷത്തിൽ തലസ്ഥാന നഗരിയിൽ. രാജ്യത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതി നേടിയ താരത്തെ ആദരിക്കാൻ, ഇന്ത്യൻ കരസേന സംഘടിപ്പിച്ച ചടങ്ങിനെത്തിയതായിരുന്നു ലഫ്. കേണൽ മോഹൻ ലാൽ.
ചൊവ്വാഴ്ച ന്യുഡൽഹിയിൽ നടന്ന ചടങ്ങിൽ കരസേന മേധാവി ജനറൽ ദ്വിവേദി മോഹൻ ലാലിനെ ആദരിച്ചു. സൈനിക മേധാവിയുമായി കൂടികാഴ്ച നടത്തിയെന്നും, ടെറിട്ടോറിയൽ ആർമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടന്നുവെന്നും താരം പ്രതികരിച്ചു.
സൈനിക മേധാവിയിൽ നിന്നും ആദരവ് നേടാനുള്ള അവസരം വലിയ ബഹുമതിയെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ദാദാസാഹേബ് ഫാൽകെ പുരസ്കാര നേട്ടം അതിനുള്ള നിമിത്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 16 വർഷമായി കരസേനയുടെ ഭാഗമാണ് ഞാനും. തന്റെ പരിമിതിക്കുള്ളിൽ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നു. സേനാമേധാവിയുമായി ഫലപ്രദമായ കൂടികാഴ്ച നടത്താൻ കഴിഞ്ഞു. ടെറിട്ടോറിയൽ ആർമി ബറ്റാലിയൻ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നതിലും അദ്ദേഹവുമായി ചർച്ച നടത്തി.
സ്‌ക്രീനിൽ നിരവധി തവണ സൈനിക വേഷങ്ങൾ ചെയ്ത മോഹൻലാൽ, ഇനിയും അത്തരം സിനിമകൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു.
2009ലാണ് മോഹൽ ലാൽ ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയിൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായത്. ചലച്ചിത്ര താരമായി നിന്നുകൊണ്ട് ഇന്ത്യൻ സൈന്യത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയായിരുന്നു ഈ സേനാ പദവി. കഴിഞ്ഞ വർഷം വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത സ്ഥലത്ത് സൈനിക വേഷത്തിലെത്തി സേനാ ഉദ്യോഗസ്ഥരുമായി ലാൽ കൂടികാഴ്ചയും നടത്തിയിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നും ലഫ്. കേണൽ പദവിയിൽ ടെറിട്ടോറിയൽ ആർമിയിൽ ചേർന്ന ആദ്യ താരം കൂടിയാണ് മോഹൻലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.