‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

ന്യൂഡൽഹി: രാജ്യത്തുടനീളം വർധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ നടൻ നസീറുദ്ദീൻ ഷാ. രാജ്യത്ത് വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങളിൽ മൗനം കാണിക്കുന്ന നരേന്ദ്ര മോദി അത്തരം പ്രസംഗങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ഷാ പറഞ്ഞു. 'ദ വയറി'നു വേണ്ടി കരൺ താപ്പർക്ക് നൽകിയ അഭിമുഖത്തിലാണ് ഷായുടെ പ്രതികരണം.

"സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്, നമ്മെ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ജോലി‍യാണ്. സർക്കാരിന്റെ മൗനം അമ്പരപ്പിക്കുന്നതാണ്... അത് നിശബ്ദമായ സമ്മതത്തെ സൂചിപ്പിക്കുന്നു" ഷാ പറഞ്ഞു.

നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകൾ കവലച്ചട്ടമ്പികളെ പോലെയാണ്. അവർ കൊള്ളക്കാരെ പോലെ സംസാരിക്കുന്നു. ഇത്തരം പ്രസ്താവനകൾ ഭയപ്പെടുത്തുന്നതാണ്. ഹർഷ് മന്ദർ, ടീസ്റ്റ സെറ്റൽവാദ് എന്നിവരെ പോലെ സമാധാനത്തെയും നീതിയെയും കുറിച്ച് സംസാരിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടും. എന്നാൽ, വെറുപ്പ്, വിദ്വേഷം, കാലാപം എന്നിവയെ കുറിച്ച് സംസാരിച്ചാൽ നിങ്ങളെ ഹാരമണിയിച്ച് അംഗീകരിക്കും -ഷാ വ്യക്തമാക്കി.

വസ്ത്രം നോക്കി കലാപകാരികൾ ആരാണെന്ന് അറിയാനാവുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നമ്മുടേത്. പ്രത്യക്ഷത്തിൽ ഇത്തരം വിദ്വേഷ പ്രസ്താവനകളിൽ നിന്നും അദ്ദേഹം മാറിനിന്നാലും മൗനം കൊണ്ട് അതിന് അനുമതി നൽകുകയാണ്. മിതവാദിയായി നിന്ന് മുഖഛായ സംരക്ഷിക്കുക എന്ന ഉദ്ദേശമാണ് അതിന് പുറകിൽ.

പ്രധാനമന്ത്രി തുടരുന്ന മൗനത്തിലൂടെ ഞാൻ മനസിലാക്കുന്നത് അദ്ദേഹം അസംബന്ധവും വിദ്വേഷവും നിറഞ്ഞ പ്രസ്താവനകളെ പിന്തുണക്കുന്നു എന്നാണ്. നമ്മൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും നമ്മളെല്ലാവരെയും സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയാണ് ഷാ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Modi Complicit By His Silence on Hate Speech, It's His Duty to Speak Up' says Naseeruddin Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.