മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നുമായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈകോടതി വ്യക്തമാക്കി.
ഇരുന്നൂറ് കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച് 2024ൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.