'രാവൺ' ഹിന്ദിയിലിറക്കിയത് അബദ്ധമായോ?: മറുപടി പറഞ്ഞ്​ മണിരത്നം

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ മണിരത്നത്തിന്‍റെ ചുരുക്കംചില പരാജയങ്ങളിൽ ഒന്നായിരുന്നു രാവൺ എന്ന ഹിന്ദി ചിത്രം. ഹിന്ദിയിലും തമിഴിലും പുറത്തിറക്കിയ സിനിമ വ്യത്യസ്തമായ കാസ്റ്റിങാണ്​ അന്ന്​ ഉപയോഗിച്ചത്​. ബഹുഭാഷാ ചിത്രങ്ങൾ അത്ര പരിചിതമല്ലാത്ത കാലത്ത്​ ഇറക്കിയ രാവണിന്‍റെ തമിഴ്​ പതിപ്പ്​ സാമ്പത്തികമായി വിജയമായിരുന്നു. എന്നാൽ ഹിന്ദി പതിപ്പ്​ പരാജയപ്പെട്ടു. ഇപ്പോഴിതാ ആ സിനിമ ഹിന്ദിയിലിറക്കിയത്​ ശരിയായ തീരുമാനമായിരുന്നില്ലെന്ന്​ തുറന്നുപറഞ്ഞിരിക്കുകയാണ്​ മണിരത്നം.

2004ൽ, 'യുവ' എന്ന ചിത്രത്തിലൂടെയാണ് ദ്വിഭാഷാ ചിത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മണിരത്നം കടന്നത്. തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. 2010-ൽ, രാവൺ പുറത്തിറക്കിയപ്പോഴും അദ്ദേഹം ഈ പരീക്ഷണം ആവർത്തിച്ചു. എന്നാൽ രാവണിന്റെ ഹിന്ദി പതിപ്പ് വേണ്ടരീതിയിൽ സ്വീകരിക്കപ്പെട്ടില്ല. ചിത്രം ബോക്സോഫീസിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അതേസമയം രാവൺ തമിഴ് പതിപ്പ് ഹിറ്റായിരുന്നു.

ദേശീയമാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ രാവൺ രണ്ട് ഭാഷകളിൽ നിർമ്മിക്കാനുള്ള തീരുമാനം തെറ്റാണെന്നാണ്​ അദ്ദേഹം പറഞ്ഞത്​. അത് അക്കാലത്ത് പതിവല്ലാത്ത കാര്യമായിരുന്നു. രാവൺ ദ്വിഭാഷാ ചിത്രമാക്കിയത് തെറ്റായിപ്പോയെന്നും മണിരത്നം പറയുന്നു. ഒരേസമയം രണ്ട് സിനിമകൾ ചെയ്യുന്നത് തനിക്ക് ബുദ്ധിമുട്ടായി മാറിയെന്നും ഹിന്ദി, തമിഴ് പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയെന്നും സംവിധായൻ പറഞ്ഞു.

അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, വിക്രം, ഗോവിന്ദ, നിഖിൽ ദ്വിവേദി, രവി കിഷൻ, പ്രിയാമണി എന്നിവരാണ് ഹിന്ദി പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിക്രത്തിന്റെയും പ്രിയാമണിയുടെയും ഹിന്ദി അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. രാവണന്റെ വീക്ഷണകോണിൽ നിന്നുള്ള ഒരു ആധുനിക കാലഘട്ടമായിരുന്നു ചിത്രം പറഞ്ഞത്. ഹിന്ദിയിൽ മോശം പ്രകടനം ആയിരുന്നിട്ടും, എ ആർ റഹ്മാന്റെ സംഗീതവും ഗുൽസാറിന്റെ വരികളും കാരണം ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷക പ്രശംസ നേടി.

അതേസമയം കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്​. 'കെഎച്ച് 234' എന്ന് താൽകാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസന്‍-മണിരത്നം ടീം ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. 1987ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘നായകനു’ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്​.

വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ആക്‌ഷന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന് അൻപറിവാണ് ആക്‌ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. രവി.കെ ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകർ പ്രസാദ്. പ്രൊഡക്‌ഷൻ ഡിസൈനർ ശർമിഷ്ഠ റോയ്. കോസ്റ്റ്യൂം ഏക ലഖാനി. കമൽഹാസൻ സ്റ്റൈലിസ്റ്റ് അമൃത റാം. ഹെയർ ആൻഡ് മേക്കപ്പ് രഞ്ജിത്ത് അമ്പാടി.

എ.ആര്‍. റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രം റെഡ് ജയിന്‍റ് മൂവിസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് നിർമിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മദ്രാസ് ടോക്കീസിന്‍റെ ബാനറില്‍ മണിരത്നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    
News Summary - Mani Ratnam says making Raavan as a bilingual was a mistake: ‘It was a case of neither here nor there’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.