മമ്മൂട്ടിയുടെ ഷർട്ട് മലയാള സിനിമയിലെ ജനപ്രിയ വില്ലന്‍റേതായ കഥ...

മലയാളത്തിന്‍റെ പ്രിയ അഭിനേതാവ് മാത്രമല്ല, ട്രെന്‍റ് സെറ്റർ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ വസ്ത്രധാരണത്തിനും സാങ്കേതിക വിഷയങ്ങളിലെ അറിവിനും പ്രത്യേകം ആരാധകരുണ്ട്. പറയാനുള്ളത് ഒരു ഷർട്ടിന്‍റെ കഥയാണ്... ഒരു സിനിമയിൽ മമ്മൂട്ടി ധരിച്ച വ്യത്യസ്തമായ ഒരു ഷർട്ട് മലയാള സിനിമയിലെ തന്നെ പ്രധാനപ്പെട്ട വില്ലൻ കഥാപാത്രങ്ങളിൽ ഒന്നിന്‍റെ വസ്ത്രത്തിന് പ്രചോദനമായ കഥ.

ചലച്ചിത്ര സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് സിദ്ദിഖ്-ലാൽ ജോഡി സംവിധായകൻ ഫാസിലിന്റെ സഹായികളായി പ്രവർത്തിച്ചിരുന്നു. ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നൽ (1986) എന്ന ചിത്രത്തിന്റെ നിർമാണ വേളയിലാണ് ലാൽ സിനിമയിലെ നായകനായ മമ്മൂട്ടി ധരിച്ചിരുന്ന തവിട്ട് നിറമുള്ള, രണ്ട് പോക്കറ്റുകളുള്ള ഷർട്ട് ശ്രദ്ധിക്കുന്നത്. ലാലിന് ആ ഷർട്ട് വളരെയധികം ഇഷ്ടപ്പെട്ടു. ഷൂട്ടിങ്ങിന് ശേഷം അദ്ദേഹം മമ്മൂട്ടിയെ സമീപിച്ച് അത് സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ മമ്മൂട്ടി ആ ഷർട്ട് ലാലിന് സമ്മാനിച്ചു.

ലാൽ ആ ഷർട്ട് ധരിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു എന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തായ ബാബു ഷാഹിർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. പൂവിനു പുതിയ പൂന്തെന്നൽ കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിദ്ദിഖും ലാലും അവരുടെ സംവിധാന അരങ്ങേറ്റമായ റാംജിറാവു സ്പീക്കിങ് ഒരുക്കുന്നത്. ബാബു ഷാഹിർ ആയിരുന്നു സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചത്.


ചിത്രത്തിന്റെ വസ്ത്രാലങ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ലാലായിരുന്നു നേതൃത്വം നൽകിയത്. ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുമ്പോൾ വില്ലനായ റാംജിറാവുവിന് പേരിന് അനുയോജ്യമായ ഒരു സ്റ്റൈലിഷായ ലുക്ക് ഉണ്ടായിരിക്കണമെന്ന് സംവിധായകർക്ക് തോന്നി. അപ്പോഴാണ് ലാൽ മമ്മൂട്ടിയുടെ അന്നത്തെ എല്ലാവരെയും ആകർഷിച്ച തവിട്ടുനിറത്തിലുള്ള ഷർട്ടിനെക്കുറിച്ച് ഓർത്തത്. റാംജിറാവുവിന് ഏറ്റവും അനുയോജ്യമായ നിറവും വസ്ത്രവുമാണിതെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് മലയാളത്തിന്‍റെ ജനപ്രിയ വില്ലന് മമ്മൂട്ടിയുടെ പഴയ ഷർട്ട് റഫറൻസാകുന്നത്.  

Tags:    
News Summary - Mammoottys shirt from blockbuster ended up with Malayalam cinemas most iconic villain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.