'കേരളീയം' ലോകസാഹോദര്യത്തിന്റെ വലിയൊരു വികാരമായി മാറട്ടെയെന്ന് മമ്മൂട്ടി. 'കേരളീയം 2023'ന്റെ ഉദ്ഘാടന ചടങ്ങളിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ കേരളീയം മഹത്തായ ആശയത്തിന്റെ തുടക്കമാണെന്നും ഇതൊരു മഹാസംഭവമായി തീരട്ടെയെന്നും മെഗാസ്റ്റാർ ആശംസിച്ചു. എഴുതി തയാറാക്കിയ പ്രസംഗം തന്റെ കൈയിൽ ഇല്ലെന്നും എന്തെങ്കിലും നാക്കുപിഴ വന്നാൽ ക്ഷമിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
'എഴുതി തയാറാക്കിയ ഒരു പ്രസംഗം എന്റെ കൈയിൽ ഇല്ല. എന്തെങ്കിലും വാക്കുപിഴ സംഭവിക്കാൻ സാധ്യതയുണ്ട്. അതിന് നേരത്തെ മാപ്പ് ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാൽ നമ്മളെ കുടുക്കരുത്. ഇവിടെ സ്പീക്കർ ആയിരുന്ന ആളാണ് എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കം ചെയ്താൽ മതി. നമ്മളുടെ വാക്കുപിഴച്ചു കഴിഞ്ഞാൽ അത് വാക്കുപിഴച്ചത് തന്നെയാണ്' മമ്മൂട്ടി പറഞ്ഞു.
'കേരളീയം കേരളത്തിന്റെ മാത്രം വികാരമല്ല. ലോകസാഹോദര്യത്തിന്റെ വലിയൊരു വികാരമായി മാറട്ടെയെന്ന് ആഗ്രഹിക്കുകയാണ്. നമ്മൾ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. സ്നേഹത്തിനും സൗഹാർദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃകയായി കേരളം മാറട്ടെ. നമ്മുടെ രാഷ്ട്രീയം, മാതം, ജാതി, ചിന്ത, പ്രാർഥന എല്ലാം വേറെയാണ്. പക്ഷെ നമ്മൾക്കെല്ലാവർക്കും ഉണ്ടാവുന്ന ഒരു വികാരം നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരും കേട്ടാൽ മനസിലാകുന്നവരുമാണ്. ഇതുതന്നെയായിരിക്കണം നമ്മുടെ ലോകത്തിന്റെ മാതൃക'- മമ്മൂട്ടി പറഞ്ഞു.
'കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നമ്മൾ കാണുന്ന കേരളം. ഇനിയുള്ള സ്വപ്നങ്ങളും സങ്കൽപ്പങ്ങളും പ്രതീക്ഷകളും വ്യത്യാസങ്ങൾ മറന്ന് ഒന്നായി ചിന്തിച്ച് ഒന്നായി പ്രയത്നിച്ച്, കേരളത്തിനെ ലോകത്തിന്റെ ഒന്നാംനിരയിലേക്ക്, ലോകത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി, ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ലോകം ആദരിക്കുന്ന ഒരു ജനതയായി കേരള ജനത മാറട്ടെയെന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു'- മമ്മൂട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.