മലായാള സിനിമയുടെ എക്കാലത്തേയും അതുല്യ പ്രതിഭകളാണ് മധുവും മമ്മൂട്ടിയും. ഇരുവരും രണ്ടു കാലഘട്ടത്തിന്‍റെ അതികായരാണെന്ന് വിശേഷിപ്പിക്കാം. ഇപ്പോഴിതാ മധുവിനോടെപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. 'ഒരുപാടു നാളുകൾക്കുശേഷം എന്‍റെ സൂപ്പർ സ്റ്റാറിനോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. സിനിമയിൽ വരുന്നതിനു മുമ്പ് താൻ ഏറെ ആരാധിച്ചിരുന്ന നടനാണ് മധു എന്ന് പല അഭിമുഖങ്ങളിലും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി തന്‍റെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സെപ്റ്റംബർ 23ന് 92ാം പിറന്നാൾ ആഘോഷിച്ച മധുവിന് ആശംസകളുമായി താരം എത്തിയിരുന്നു. ‘എന്‍റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസ പങ്കുവെച്ചിരുന്നത്.
ശനിയാഴ്ച ഉച്ചക്കാണ് മമ്മൂട്ടി മധുവിന്റെ വീട്ടിലെത്തിയത്. നാളുകൾക്ക് ശേഷം പരസ്പരം കണ്ടപ്പോൾ ഇരുവരും സന്തോഷം പങ്കുവെച്ചു. വൈക്കത്ത് ഷൂട്ടിങ്ങിന് എത്തിയപ്പോഴുള്ള ആദ്യ കാഴ്ചയുടെ ഓർമകൾ മമ്മൂട്ടി പങ്കുവെച്ചു. "ഞാൻ അന്ന് കോളജിൽ പഠിക്കുകയാണ്. വാപ്പ അറിയാതെ ഒരു കൂട്ടുകാരനെയും വിളിച്ച് വള്ളം തുഴഞ്ഞാണ് ആദ്യമായി സാറിന്റെ അടുത്ത് വന്നത്. ഒരു നിമിത്തം പോലെ സാറ് ഞങ്ങളുടെ കൂടെ വള്ളത്തിലേക്കു കയറി. എന്റെ വലിയ ഹീറോ ആയിരുന്നു മധു സാർ. സാറ് ഞാൻ തുഴയുന്ന വള്ളത്തിലേക്കു കയറിയപ്പോൾ പറഞ്ഞറയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു എനിക്ക്. പിന്നെ ആഞ്ഞു തുഴഞ്ഞു.
കായലിൽ കുറെനേരം കറങ്ങിയടിച്ചാണു വന്നത്. എനിക്കത് വലിയ ഭാഗ്യമായി. ഓർക്കുന്നുണ്ടോയെന്ന് മമ്മൂട്ടി തിരക്കി. "വള്ളത്തിലും ബോട്ടിലുമൊക്കെ കയറുന്നത് വലിയ ഇഷ്ടവും ഉത്സാഹവും ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാർ വന്നു വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ കയറിയത്’ മധു ചിരിച്ചുകൊണ്ട് പറഞ്ഞു.‘അന്ന് ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ സാറ് തിരക്കിയിരുന്നു. നന്നായി പഠിക്കണമെന്നും പറഞ്ഞു. ’അമരം’ അടുത്തയിടെ വീണ്ടും കണ്ടതായി മധു പറഞ്ഞു. ‘നടുക്കടലിലേക്കു തുഴഞ്ഞു പോകുന്ന സീനൊക്കെ ആവർത്തിച്ചു കണ്ടു. തുഴച്ചിൽ അന്നേ പഠിച്ചതു നന്നായി. ’ഒത്തിരി കഥകളും ഓർമകളും ഇരുവരും പങ്കുവെച്ചു. എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും എന്നു പറങ്ങുകൊണ്ടാണ് മമ്മൂട്ടി വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.