ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ

തിയറ്റർ റിലീസിന് ശേഷം പ്രേക്ഷകർ കാത്തിരുന്ന നിരവധി മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒ.ടി.ടിയിലേക്ക് എത്തുകയാണ്. വ്യത്യസ്ത വിഷയങ്ങളും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധ നേടിയ മൂന്ന് സിനിമകളാണ് പ്രേക്ഷകരെ തേടി എത്തുന്നത്. സന്ദീപ് പ്രദീപ് നായകനായ ത്രില്ലർ ചിത്രം ‘എക്കോ’, പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉള്ളൊഴുക്ക്’, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ എന്നിവയാണ് ഈ ആഴ്ചത്തെ പ്രധാന ഒ.ടി.ടി റിലീസുകൾ.

എക്കോ

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് സന്ദീപ് പ്രദീപ് നായകനായ 'എക്കോ' നവംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. എക്കോയിൽ സന്ദീപ് പ്രദീപിന് പുറമേ സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്.

ഉള്ളൊഴുക്ക്

പാര്‍വതി തിരുവോത്ത്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. 2024 ജൂൺ 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടി. ചിത്രം ഡിസംബർ 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

മുമ്പ് ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായിരുന്ന ചിത്രം ഉടമസ്ഥാവകാശത്തിലെ മാറ്റത്തെ തുടർന്ന് പിന്നീട് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തിരുന്നു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ദുരിതം പകര്‍ത്തിയ കഥയും ചുരുളഴിയുന്ന ചില രഹസ്യങ്ങളുമാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ്, വീണ നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തിരി നേരം

വിശാഖ് ശക്തിയുടെ തിരക്കഥയിൽ പ്രശാന്ത് വിജയ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സംവിധായകൻ ജിയോ ബേബിയാണ്. നവംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ഡിസംബർ 25 മുതൽ സൺ നെക്സ്റ്റിലും ആമസോൺ പ്രൈം വിഡിയോയിലും സ്ട്രീമിങ് ആരംഭിച്ചു. ഒരുദിവസം രാത്രി മുതൽ പിറ്റേദിവസം നേരം പുലരും വരെയുള്ള കാലയളവിൽ നടക്കുന്ന സംഭവങ്ങളാണ് ഇത്തിരി നേരത്തിൽ പറയുന്നത്.

Tags:    
News Summary - malayalam releases to watch on ott this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.