ടൊറന്‍റോ ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ച് മലയാള ചലച്ചിത്രം 'ഹാഫ്'; മിഡ്നൈറ്റ് മാഡ്നസില്‍ ആവേശകരമായ പ്രതികരണം

കൊച്ചി: ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം 'ഹാഫ്'. പ്രസിദ്ധമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രമായ 'ഹാഫി'ന്‍റെ പ്രദര്‍ശനത്തിന് തിയറ്ററില്‍ ലഭിച്ച ആവേശകരമായ പ്രതികരണം. സെപ്റ്റംബര്‍ 18ന് നടന്ന വേള്‍ഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും പ്രേക്ഷകരുടെ പങ്കാളിത്തം പ്രകടമായി.

ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും സജീവ് പി.കെയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചോദ്യങ്ങളും പങ്കുവെച്ച പ്രേക്ഷകര്‍ ചോദ്യോത്തര സെഷനില്‍ അണിയറപ്രവര്‍ത്തകരുമായി സംവദിക്കുകയും ചിത്രത്തോടുള്ള തങ്ങളുടെ സ്നേഹവും പിന്തുണയും നേരിട്ട് അറിയിക്കുകയും ചെയ്തു.

സംവിധായകന്‍ സംജാദിനൊപ്പം നിര്‍മാതാക്കളായ ആന്‍ സജീവും സജീവ് പി.കെയും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ് എന്നിവര്‍ ചോദ്യോത്തര സെഷനില്‍ പങ്കെടുത്തു. ചിത്രത്തിന്റെ പ്രമേയം, മേക്കിങ്, ദൃശ്യാവിഷ്‌കാരം, സംഗീതം, ശബ്ദരൂപകല്‍പ്പന, അഭിനേതാക്കളുടെ പ്രകടനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ച് അവര്‍ പ്രേക്ഷകരുമായി സംവദിച്ചു.

തിയറ്ററില്‍ ആവശം നിറച്ച ചിത്രത്തിന്റെ പ്രദര്‍ശനം നിറഞ്ഞ കൈയടികളോടെയാണ് അവസാനിച്ചത്. വെരി ട്രി യുലിസ്മാന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും ചിത്രത്തിന്റെ സംഗീതവും ചിത്രത്തിന്റെ പരുക്കനായ അവതരണശൈലിയും പ്രത്യേക ശ്രദ്ധ നേടി.

പാപ്പിനുവിന്റെ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദിന്റെ ശബ്ദസംവിധാനവും ചിത്രത്തിന്റെ കൂടുതല്‍ തീവ്രമാക്കുന്നതായി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവിന്റെയും ഐശ്വര്യ രാജിന്റെയും പ്രകടനവും ചോദ്യോത്തര സെഷനില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണ് 'ഹാഫി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ്-ബ്ലഡ് വാംപയര്‍മാരെ കേന്ദ്രീകരിച്ചുള്ള വ്യത്യസ്തമായ വാംപയര്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ശക്തമായ ആക്ഷനും ഡാര്‍ക്ക് ആറ്റ്മോസ്ഫിയറും ചേര്‍ന്ന വേറിട്ടൊരു സിനിമാനുഭവമാണ് 'ഹാഫ്' ഒരുക്കുന്നത്.

'ഹാഫി'ന്റെ ഉത്തരേന്ത്യന്‍ പ്രദര്‍ശനവും വിതരണവും എക്സല്‍ എന്റര്‍ടെയ്ന്‍മെന്റും എ.എ. ഫിലിംസും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ അന്താരാഷ്ട്ര വിപണനാവകാശം ബെസ്റ്റ് ഫ്രണ്ട് ഫോര്‍എവര്‍ (ബി.എഫ്.എഫ്.) സ്വന്തമാക്കിയിട്ടുണ്ട്. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലെ ചരിത്രപരമായ അരങ്ങേറ്റത്തിന് പിന്നാലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ഹാഫി'ന് ലഭിച്ച ഈ ആവേശകരമായ സ്വീകരണം ചിത്രത്തിന്റെ അന്താരാഷ്ട്ര യാത്രയിലെ ശ്രദ്ധേയമായ അധ്യായമായി മാറുകയാണ്.

Tags:    
News Summary - malayalam movie half in toronto festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.