ആഗോള വിപണി ലക്ഷ്യമിട്ട് മലയാള സിനിമ; ‘ദൃശ്യം 3’ ഉൾപ്പെടെ നാല് ചിത്രങ്ങളുടെ വിതരണാവകാശം ഫാർസ് ഫിലിമിന്

മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിനായി പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.

ഫെബ്രുവരി 6-ന് റിലീസ് ചെയ്യുന്ന റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി’ ആണ് ഈ കരാറിന് കീഴിൽ ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ ഏപ്രിൽ 2-ന് മോഹൻലാൽ ചിത്രം ‘ ദൃശ്യം 3’ ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. കൂടാതെ ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’, കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്‍റെ ‘പ്രൊഡക്ഷൻ നമ്പർ 3’ എന്നീ ചിത്രങ്ങളും ഫാർസ് ഫിലിം വിതരണത്തിനെടുത്തിട്ടുണ്ട്.

അഹമ്മദ് ഗോൾചിൻ സ്ഥാപിച്ച ഫാർസ് ഫിലിമാണ് ഈ നാല് ചിത്രങ്ങളുടെയും വിദേശത്തുള്ള വിതരണവും പ്രദർശനവും പൂർണ്ണമായി നിയന്ത്രിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണ രംഗത്തെ തങ്ങളുടെ വലിയ ശൃംഖല ഉപയോഗിച്ച് മലയാള സിനിമയെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഇവർ പദ്ധതിയിടുന്നത്.

മലയാള സിനിമക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രാധാന്യമുണ്ട്. കഥക്കും കഴിവുള്ള താരങ്ങൾക്കും മുൻതൂക്കം നൽകുന്ന സിനിമകൾക്ക് ഫാർസ് ഫിലിമിന്‍റെ വിതരണ കരുത്ത് വലിയ മുതൽക്കൂട്ടാകുമെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമ മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം 3’ ആണ്. മലയാളത്തിലെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന് വിദേശ രാജ്യങ്ങളിൽ ധാരാളം പ്രേക്ഷകരുണ്ട്. അതുകൊണ്ട് ഫാർസ് ഫിലിമുമായുള്ള സഹകരണം ദൃശ്യം 3ന് വലിയ ബോക്സ് ഓഫിസ് മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.

‘പനോരമ സ്റ്റുഡിയോസ് സ്ഥിരമായി ഉയർന്ന നിലവാരമുള്ളതും ഉള്ളടക്ക സമ്പന്നവുമായ ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്നതും ശക്തവുമായ ഈ യാത്രയിൽ അവരുമായി സഹകരിക്കുന്നതിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അർത്ഥവത്തായതും ഫലപ്രദവുമായ രീതിയിൽ അവ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലും ഞങ്ങൾ ആവേശഭരിതരാണ്’ -അഹമ്മദ് ഗോൾചിൻ വ്യക്തമാക്കി.

ആഗോളതലത്തിൽ സ്വാധീനമുണ്ടാക്കാൻ ശേഷിയുള്ള ഇന്ത്യൻ സിനിമകൾക്കായി ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലേക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ചുവടുവെപ്പായാണ് ഇരു കമ്പനികളും ഈ പങ്കാളിത്തത്തെ നോക്കിക്കാണുന്നത്.

Tags:    
News Summary - Malayalam cinema targeting the global market; phars Films acquires distribution rights for four films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.