ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്ന മലയാള ചിത്രങ്ങൾ...

വൈവിധ്യം നിറഞ്ഞ സിനിമകളാണ് ഈ ആഴ്ച മലയാളത്തിൽ നിന്ന് ഒ.ടി.ടിയിൽ എത്തുന്നത്. ത്രില്ലർ, കോമഡി എന്നിങ്ങനെ വിവധ ഴോണറിലുള്ള മൂന്ന് ചിത്രങ്ങളാണ് ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുന്നത്.

സാഹസം

മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ 'സാഹസം' ഈ ആഴ്ച ഒ.ടി.ടിയിൽ എത്തും. ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ്.കെ.എൻ നിർമിച്ച ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്തത്. ആഗസ്റ്റ് എട്ടിന് തിയറ്ററിൽ എത്തിയ ചിത്രം ഒക്ടോബർ ഒന്ന് മുതൽ സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യും.

ചിത്രത്തിലെ ഓണം മൂഡ് എന്ന പാട്ട് വൻ ഹിറ്റായിരുന്നു. ഇത്തവണ ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും അടക്കി വാണത് ഈ ഗാനമായിരുന്നു. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുളള മലയാളികളുടെ ആഘോഷത്തിന്റെ ഒരു ഭാഗം കൂടിയായി ഓണം മൂഡ് മാറി.

ഹ്യൂമർ ആക്ഷൻ ഴോണറിലാണ് ചിത്രത്തിന്‍റെ അവതരണം. അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചെക്ക്മേറ്റ്

ഒരു വർഷം മുൻപ് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ചെക്ക്മേറ്റ്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചത് രതീഷ് ശേഖർ ആണ്. അനൂപ് മേനോനാണ് നായകനായി എത്തിയത്. ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ട് മുതൽ സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിക്കും.

മേനേ പ്യാർ കിയ

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്ത ചിത്രമാണ് മേനേ പ്യാർ കിയ. തമിഴ് താരം പ്രീതി മുകുന്ദൻ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം' സ്പൈർ പ്രൊഡക്ഷൻസ് നിർമിച്ച 'മേനേ പ്യാർ കിയ' ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കും.  

Tags:    
News Summary - Latest Malayalam ott release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.