മഞ്ജു വാര്യര്‍ക്ക് അഭിനന്ദനവുമായി 'വെള്ളരിപട്ടണ'ത്തിലെ കെ.പി. സുനന്ദ

ബൈക്കോടിക്കാന്‍ ലൈസന്‍സ് നേടിയ മഞ്ജു വാര്യര്‍ക്ക് അഭിനന്ദനക്കത്തുമായി 'വെള്ളരിപട്ടണ'ത്തിലെ നായിക കെ.പി. സുനന്ദ. താന്‍ സ്‌കൂട്ടര്‍ പഠിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാല്‍ മഞ്ജുവിന് ഇതൊക്കെ നിസാരമായിരിക്കുമെന്നും ചക്കരക്കുടം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് മെമ്പറായ സുനന്ദ കത്തില്‍ പറയുന്നു.

സ്‌കൂട്ടറോടിക്കാന്‍ പഠിപ്പിച്ചതിന് സ്ഥിരമായി കാശുമേടിക്കുന്ന തന്റെ 'സഹോദരനാശാന്‍' കെ.പി. സുരേഷിന് ഒരു 'കുത്തും' സുനന്ദയുടെ കത്തിലുണ്ട്. ഉടന്‍ തീയറ്ററുകളിലെത്തുന്ന 'വെള്ളരിപട്ടണ'ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പുതുമയാര്‍ന്ന കത്ത് ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ വൈറല്‍ ആയിക്കഴിഞ്ഞു.

സുനന്ദയുടെ കത്ത് ഇങ്ങനെയാണ്;

'എത്രയും പ്രിയപ്പെട്ട മഞ്ജുവാര്യര്‍,

ബൈക്കോടിക്കുവാനുള്ള ലൈസന്‍സ് എടുത്തെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍! ഹോ..ഞാനൊക്കെ ഒരു ലൈസന്‍സ് എടുക്കാന്‍ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാന്‍ കെ.പി. സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. (ഇന്നലെയും 500 രൂപ മേടിച്ചോണ്ട് പോയി.)

മഞ്ജുവിന് പഠനവും ലൈസന്‍സ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയ സ്‌കൂട്ടറില്‍ പാല്‍പാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബി.എം.ഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ.

ഇവിടെ ഹരിതകര്‍മസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെല്‍ഫി എടുക്കാന്‍ കാത്തിരിക്കുയാണ്. എന്റെ കഥ തീയറ്ററില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുതേ. ചിരിവരും. ഉറപ്പ്.

അയല്‍ക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിര്‍ത്തുന്നു.

ജയ്ഹിന്ദ്.

സ്‌നേഹത്തോടെ,കെ.പി.സുനന്ദ'

തിങ്കളാഴ്ചയാണ് മഞ്ജുവാര്യര്‍ ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. ഇത് പത്രങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. അതിനൊപ്പമാണ് ഇപ്പോള്‍ കെ.പി. സുനന്ദയുടെ അഭിനന്ദനക്കത്തിന്റെ രൂപത്തില്‍ 'വെള്ളരിപട്ടണം' അണിയറപ്രവര്‍ത്തകരും ചിത്രത്തിലെ നായികയായ മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുള്ളത്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. മഞ്ജുവാര്യര്‍ കെ.പി. സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി. സുരേഷ് ആയി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു. തുനിവിനും അയിഷക്കും പിന്നാലെ തീയറ്ററിലെത്തുന്ന മഞ്ജുവാര്യര്‍ ചിത്രമാണ് 'വെള്ളരിപട്ടണം'.

Tags:    
News Summary - KP Sunanda congratulates Manju Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.