മോഹൻലാൽ

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ വീണ്ടും തിരിച്ചെത്തുന്നു!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'കിരീടം' സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുകയാണ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം വന്നത്.

ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ ആണ് റീ-റിലീസ് വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ആദ്യം ജൂണിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പുതിയതായി പങ്കുവെച്ച പോസ്റ്ററിലൂടെ റിലീസ് ജൂലൈയിലേക്ക് മാറ്റിയതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. കൃത്യമായ റിലീസ് തീയതി ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ കിരീടം, 37 വർഷങ്ങൾക്കിപ്പുറം പുതിയ സാങ്കേതികവിദ്യയുടെ കരുത്തോടെയാണ് എത്തുന്നത്. 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

ചാലക്കുടിയിലെ കുപ്രസിദ്ധനായ ഗുണ്ടയായിരുന്നു കേശവൻ. ഒരിക്കൽ, ജോലികഴിഞ്ഞ് മടങ്ങവേ അബദ്ധവശാൽ ഒരു ഷാപ്പിൽ വെച്ച് ആശാരിയായ ഒരാൾ, കേശവന്റെ മുഖത്തേക്ക് കള്ള് ഒഴിച്ചതിന് പ്രകോപിതനായി തന്റെ പണിസഞ്ചിയിലെ കോടാലി (കൊട്ടുവടി) കൊണ്ട് കേശവന്റെ തലയ്ക്കടിച്ചു വീഴ്ത്തി. താൻ അടിച്ചത് നാട്ടിൽ പേരുള്ള ഗുണ്ടയെയാണെന്ന് തിരിച്ചറിഞ്ഞ ആശാരി ഭയചകിതനായി. കേശവനെ പേടിച്ച് പിറ്റേന്ന് തന്നെ കുടുംബവുമായി ആ നാട്ടിൽ നിന്ന് അയാൾ ഒളിച്ചോടി. ഒരു സാധാരണക്കാരൻ അപ്രതീക്ഷിതമായി ഒരു ഗുണ്ടയുമായി കൊരുക്കുകയും, തുടർന്ന് ജീവിതം തന്നെ വഴിമുട്ടി നാടുവിടേണ്ടി വരികയും ചെയ്യുന്ന ഈ തീവ്രമായ സാഹചര്യമാണ് ലോഹിതദാസ് 'കിരീടം' എന്ന സിനിമയുടെ അടിസ്ഥാനമായി സ്വീകരിച്ചത്.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വൈകാരികത നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവൻ. പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായർക്ക് തന്റെ മൂത്ത മകൻ സേതുമാധവൻ ഒരു പൊലീസ് ഇൻസ്പെക്ടറാകണം. എന്നാൽ അച്യുതൻ നായർക്ക് ലഭിക്കുന്ന അപ്രതീക്ഷിതമായ സ്ഥലംമാറ്റം അവരുടെ കുടുംബജീവിതത്തെയാകെ മാറ്റിമറിക്കുന്നു. എസ്.ഐ ആകേണ്ട മകൻ ഒടുവിൽ നാട്ടുകാർ പേടിക്കുന്ന ഗുണ്ടയായി മാറുന്നതിന്റെ വേദന നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലും തിലകനും മത്സരിച്ച് അഭിനയിച്ച അച്ഛൻ-മകൻ കോമ്പിനേഷൻ ചിത്രത്തിന്റെ ആത്മാവായിരുന്നു. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മോഹൻലാലിന് ദേശീയ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സിബി മലയിലിന്റെയും ലോഹിതദാസിന്റെയും മോഹൻലാലിന്റെയും സിനിമാ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ സിനിമകളിലൊന്നാണ് കിരീടം.

Tags:    
News Summary - kireedam movie 4k re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.