ദൃശ്യം: ദി കൺക്ലൂഷൻ
മോഹൻലാലിനേക്കാൾ മികച്ച പ്രകടനം, വ്യത്യസ്തമായ കഥ'; അജയ് ദേവ്ഗണിന്‍റെ ദൃശ്യം 3ക്ക് മികച്ച പ്രേക്ഷക പ്രതികരണം
കാത്തിരിപ്പിനൊടുവിൽ, സസ്‌പെൻസ് ത്രില്ലർ ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ 'ദൃശ്യം: ദി കൺക്ലൂഷൻ' ഗാന്ധി ജയന്തി ദിനത്തിൽ തിയറ്ററുകളിലേക്ക് എത്തി. നിലവിൽ പ്രദർശനം തുടരുന്ന 'മിർസാപൂർ', 'ഹനുമാൻ അംശ്' തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്നതിനാൽ, വലിയ എതിരാളികളില്ലാതെ ഒരു സോളോ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
അജയ് ദേവ്ഗൺ നായകനായ ഈ ഹിന്ദി ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെയും അവസാനത്തെതുമായ ചിത്രമാണിത്. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി, മലയാളം പതിപ്പിന്റെ ഒരു റീമേക്കല്ല ഈ ചിത്രം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. അജയ് ദേവ്ഗണിന്റെയും ജയ്ദീപ് അഹ്‌ലാവതിന്റെയും പ്രകടനങ്ങളെ പ്രേക്ഷകർ വാനോളം പുകഴ്ത്തുന്നുണ്ട്.
പ്രവചനാതീതമല്ലാത്ത ഒരു ഫാമിലി ത്രില്ലർ. മലയാളത്തിലെ ദൃശ്യം 3 ആദ്യ ഭാഗത്തിനൊപ്പം എത്താതെ നിരാശപ്പെടുത്തിയിരുന്നു. ഹിന്ദി പതിപ്പിലും പോരായ്മകളുണ്ടെങ്കിലും ഇത് മലയാളത്തേക്കാൾ മെച്ചമാണ്. ജയ്ദീപ് അഹ്‌ലാവതും പ്രകാശ് രാജും തിളങ്ങി നിൽക്കുന്നു. അജയ് ദേവ്ഗണും തബുവും പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു, അജയ് ദേവ്ഗൺ മോഹൻലാലിനേക്കാൾ മികച്ച നടനാണ് എന്നിങ്ങനെ പോകുന്നു സോഷ്യൽമീഡിയ കമന്‍റുകൾ.
വിദേശ രാജ്യങ്ങളിൽ 35 മുതൽ 40 കോടി രൂപ വരെയുള്ള ഓപ്പണിങ് ചിത്രത്തിന് ലഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൽ പറയുന്നത്. 60ഓളം രാജ്യങ്ങളിലായി 1,300ലധികം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്. അജയ് ദേവ്ഗണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസാണിത്.
2015ൽ പുറത്തിറങ്ങിയ ആദ്യഭാഗം ഒന്നാം ദിനം 5.85 കോടി രൂപയും ആദ്യ വാരാന്ത്യത്തിൽ 37.95 കോടിയുമാണ് നേടിയത്. എന്നാൽ മൂന്നാം ഭാഗം അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആ തുക മറികടന്നു. 2022ൽ എത്തിയ 'ദൃശ്യം 2' ആദ്യദിനം 15.38 കോടിയും ആദ്യ ആഴ്ചയിൽ 104.66 കോടിയും നേടിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളും ചേർന്ന് ആഗോളതലത്തിൽ നേടിയ 453 കോടി രൂപയുടെ റെക്കോർഡ് മൂന്നാം ഭാഗം മറികടക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.