ധുരന്ധർ: ദി റിവഞ്ച്

രൺവീർ സിങ്ങിന്‍റെ ധുരന്ധർ: ദി റിവഞ്ച് ടെലിവിഷൻ പ്രീമിയറിലേക്ക്; 50 ഓളം രംഗങ്ങൾ വെട്ടി, റൺടൈമിൽ 10 മിനിറ്റ് കുറവ്

ആദിത്യ ധറിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ധുരന്ധർ ദി റിവഞ്ച് ടെലിവിഷൻ പ്രീമിയറിന് ഒരുങ്ങുന്നു. എന്നാൽ തിയറ്ററിൽ കണ്ട അതേ പതിപ്പായിരിക്കില്ല പ്രേക്ഷകർക്ക് ടിവിയിൽ കാണാൻ കഴിയുക. ടെലിവിഷൻ സംപ്രേഷണത്തിന് മുന്നോടിയായി ചിത്രത്തിൽ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 229 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന തിയറ്റർ പതിപ്പിൽ നിന്ന് ഏകദേശം 45 മുതൽ 50 വരെ കട്ടുകളാണ് ടിവി പതിപ്പിനായി വരുത്തിയിരിക്കുന്നത്.

ഇതോടെ 10 മിനിറ്റോളം ദൈർഘ്യം കുറയും. ചിത്രം ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാർ ഗോൾഡ് ചാനലിൽ സംപ്രേഷണം ചെയ്യും.എ സർട്ടിഫിക്കറ്റിൽ നിന്ന് യു/എ 16+ ലേക്ക്സർട്ടിഫിക്കേഷനാണ് രണ്ട് പതിപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസത്തിന് കാരണം. തിയറ്റർ റിലീസിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് 21 മാറ്റങ്ങൾക്ക് ശേഷമാണ് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചത്.

എന്നാൽ ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ യു/എ 16+ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. അതിനായി വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിച്ച് കൂടുതൽ എഡിറ്റുകൾ നടത്തേണ്ടി വന്നു. ചിത്രത്തിന്റെ സ്പൈ-ആക്ഷൻ പശ്ചാത്തലം കാരണം രക്തച്ചൊരിച്ചിലും ക്രൂരമായ വയലൻസും നിറഞ്ഞ നിരവധി രംഗങ്ങളുണ്ട്. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ കട്ടുകൾ വീണിരിക്കുന്നത്.

അണിയറ പ്രവർത്തകരോട് 45 മുതൽ 50 വരെ കട്ടുകൾ ചെയ്യാൻ ആവശ്യപ്പെട്ടു. മിക്കവാറും എല്ലാ മാറ്റങ്ങളും അതിക്രൂരവും രക്തരൂക്ഷിതവുമായ രംഗങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. കഥക്ക് മാറ്റമില്ലെങ്കിലും ആക്ഷൻ രംഗങ്ങളിൽ കാര്യമായ വ്യത്യാസം പ്രേക്ഷകർക്ക് അനുഭവപ്പെടും. 3 മണിക്കൂർ 49 മിനിറ്റും 6 സെക്കൻഡും ദൈർഘ്യമുണ്ടായിരുന്ന ബിഗ് സ്ക്രീൻ  ടിവിയിൽ എത്തുമ്പോൾ 3 മണിക്കൂർ 39 മിനിറ്റായി ചുരുങ്ങും.

കൂടുതൽ ദൈർഘ്യമുള്ള പതിപ്പ് കാണാൻ ആഗ്രഹിക്കുന്നവർക്ക് ജിയോഹോട്ട്സ്റ്റാറിനെ ആശ്രയിക്കാം. ഒടിടിയിൽ ചിത്രത്തിന്റെ 'റോ ആൻഡ് അൺകട്ട്' പതിപ്പാണ് സ്ട്രീം ചെയ്യുന്നത്. ഇതോടെ ആരാധകർക്ക് ഒരേ സിനിമയുടെ മൂന്ന് വ്യത്യസ്ത പതിപ്പുകൾ ലഭ്യമാകും.

Tags:    
News Summary - Dhurandhar: The Revenge Faces Major Cuts for TV Premiere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.