ധനുഷ്, മമ്മൂട്ടി

‘രജനി സാറിന്‍റെ ചിത്രത്തിന് തൊട്ടടുത്ത ദിവസം ഞങ്ങളുടെ സിനിമ കൊണ്ടുവരുന്നത് ശരിയല്ല’; ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഓം’ റിലീസ് നവംബറിൽ

തമിഴ് സിനിമാ ലോകവും ദക്ഷിണേന്ത്യൻ സിനിമാ പ്രേമികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് -മമ്മൂട്ടി കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം 'ഓം ചാപ്റ്റർ 1: ഉതിരം ദി ബ്ലഡ് വുഡ്' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.

മുൻപ് തീരുമാനിച്ചിരുന്ന ഒക്ടോബർ 16ലെ റിലീസിൽ നിന്ന് മാറ്റിവെച്ച ചിത്രം 2026 നവംബർ 20ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്.

രജനികാന്ത് നായകനാകുന്ന 'ജയിലർ 2' ഒക്ടോബർ 15ന് റിലീസ് ചെയ്യുന്നതിനാലാണ് ധനുഷും നിർമാതാക്കളും സ്വന്തം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ തീരുമാനിച്ചത്. ആദ്യഭാഗം ലോകമെമ്പാടുമായി 600 കോടിയിലധികം രൂപ കലക്ഷൻ നേടിയതിനാൽ 'ജയിലർ 2' ബിഗ് ഓപ്പണിങ് നേടുമെന്നാണ് കരുതപ്പെടുന്നത്.

‘ഇത്തരം സാഹചര്യങ്ങളിൽ ഒരു ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. നമ്മളെല്ലാം കാലങ്ങളായി ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിന്റെ ചിത്രം ഒക്ടോബർ 15ന് എത്തുമ്പോൾ, തൊട്ടടുത്ത ദിവസം ഞങ്ങളുടെ ചിത്രം കൊണ്ടുവരുന്നത് ശരിയല്ല. അദ്ദേഹത്തോടുള്ള അടങ്ങാത്ത ആദരവ് മുൻനിർത്തിയാണ് റിലീസ് മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ഓം നിർമാതാക്കൾ എക്സിൽ കുറിച്ചു. 

ഒക്ടോബറിലെ മാറ്റത്തിന് പുറമെ, ഈ വർഷത്തെ ദീപാവലി റിലീസുകളിൽ നിന്നും ചിത്രം മാറിനിൽക്കുകയാണെന്ന് ധനുഷ് വ്യക്തമാക്കി. സൂപ്പർസ്റ്റാർ രൺബീർ കപൂർ ചിത്രമായ 'രാമായണ പാർട്ട് 1', സൂര്യയുടെ 'സീൻ' എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടാതിരിക്കാനാണ് ഈ തീരുമാനം.

‘സൂര്യ സാറിന്റെ ചിത്രം ദീപാവലി റിലീസായി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതിനാൽ ഞങ്ങൾ ദീപാവലിക്കും എത്തുന്നില്ല. അവർ ആദ്യമേ തീയതി പ്രഖ്യാപിച്ചതിനാൽ, സിനിമയുടെയും വ്യവസായത്തിന്റെയും വലിയ നന്മ മുൻനിർത്തി വൻകിട ചിത്രങ്ങൾ തമ്മിൽ പരസ്പര ധാരണയും ബഹുമാനവും പുലർത്തണമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു’ എന്ന് ധനുഷ് വ്യക്തമാക്കി. 

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധനുഷിനും മമ്മൂട്ടിക്കുമൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. സായ് പല്ലവി, ശ്രീലീല, നസീറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

സമീപകാലത്ത് തരംഗമായി മാറിയ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിനായി ഈണങ്ങൾ ഒരുക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് എഴിൽ അരശ് കെ. ആണ്. എഡിറ്റിങ് ആർ. കലൈവാണനും നിർവഹിക്കുന്നു. 

Tags:    
News Summary - Dhanush-Mammootty's 'OM' Release date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.