'അണിയറയിലെ അറിയപ്പെടാത്ത നായകന്മാർക്ക് സല്യൂട്ട്'; കാട്ടാളനിലെ സാഹസിക രംഗങ്ങളുടെ ചിത്രീകരണ വിഡിയോ പുറത്ത്

ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത് സാഹസികതയുടെ ഒരുപെരുമഴക്കാലം സൃഷ്ടിച്ചുകൊണ്ടാണ്. ഇടുക്കി ജില്ലയിലെ കാടുകളിൽ പുരോഗമിക്കുന്ന ചിത്രീകരണത്തിൽ നിന്നുള്ള ചില രംഗങ്ങളുടെ വിഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 'ഒരോ അമ്പരപ്പിക്കുന്ന നിമിഷത്തിന് പിന്നിലും അസാധ്യമായ ധൈര്യത്തോടെ നേരിടാൻ കഴിയുന്ന ഒരു സ്റ്റണ്ട് ആർട്ടിസ്റ്റ് ഉണ്ട്. അണിയറയിലെ അറിയപ്പെടാത്ത നായകന്മാർക്ക് സല്യൂട്ട്' എന്ന് എഴുതിക്കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

അവതരണത്തിൽ മലയാളി പ്രേഷകരെ വിസ്മയിപ്പിച്ച മാർക്കോക്കു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റ് നിർമിക്കുന്ന കാളാളൻ പ്രേഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ചിത്രമായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്ക്രീനിലേയും വിദേശരാജ്യങ്ങളിലെ മികച്ച സാങ്കേതിക പ്രവർത്തകരും പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് കാട്ടാളൻ. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മേയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. ചിത്രീകരണം നൂറു ദിവസത്തോളം നീണ്ടുനിൽക്കും.

ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്‍റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്.

വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ സംഭാഷണ രചയിതാവ് ആർ. ഉണ്ണിയാണ്. ഇന്ത്യൻ സിനിമയിലെ മികച്ച സംഗീത സംഗീത സംവിധായകരിൽ ഒരാളായ അജനീഷ് ലോകനാഥാണ് കാട്ടാളന് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സ്-ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. 


Tags:    
News Summary - kattalan location video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.