സൂര്യയും തൃഷയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമായ 'കറുപ്പ്' ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. റിലീസിന് തൊട്ടുമുൻപ് നേരിട്ട ചില അപ്രതീക്ഷിത പ്രതിസന്ധികളെയും തിയറ്റർ റദ്ദാക്കലുകളെയും തരണം ചെയ്താണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമ, കലക്ഷന്റെ കാര്യത്തിൽ പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്.
സിനിമയുടെ ആഭ്യന്തര-അന്തർദേശീയ കലക്ഷൻ വിവരങ്ങൾ പരിശോധിച്ചാൽ വലിയ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം 15.50 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാൽ ശനിയാഴ്ച കളക്ഷനിൽ 56 ശതമാനത്തിന്റെ വൻ വർദ്ധനവ് രേഖപ്പെടുത്തുകയും 24.15 കോടി രൂപ സ്വന്തമാക്കുകയും ചെയ്തു. ഞായറാഴ്ചയും ഈ കുതിപ്പ് തുടർന്നതോടെ അന്ന് മാത്രം 28 കോടിയിലധികം രൂപ കലക്ഷൻ ഇനത്തിൽ വന്നു. ഇതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 68 കോടി രൂപ (ഗ്രോസ് കലക്ഷൻ 78.75 കോടി) നെറ്റ് കലക്ഷൻ നേടിയിട്ടുണ്ട്.
വിദേശ വിപണിയിലും സൂര്യയുടെ താരമൂല്യം ചിത്രത്തിന് വലിയ രീതിയിൽ തുണയായിട്ടുണ്ട്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര തലത്തിൽ 4.5 ദശലക്ഷം ഡോളറിലധികം (ഏകദേശം 41 കോടിയിലധികം രൂപ) നേടാൻ സിനിമക്ക് സാധിച്ചു. ഇതോടെ കറുപ്പിന്റെ ആകെ ആഗോള കലക്ഷൻ കേവലം മൂന്ന് ദിവസം കൊണ്ട് 120 കോടി രൂപയായി ഉയർന്നു. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന സിനിമയായി ഇതോടെ 'കറുപ്പ്' മാറി. ഈ വർഷമാദ്യം പുറത്തിറങ്ങി 100 കോടിയിലധികം നേടിയ ശിവകാർത്തികേയന്റെ 'പരാശക്തി', സൂര്യയുടെ തന്നെ മുൻ ചിത്രമായ 'കംഗുവ' (105 കോടി) എന്നിവയുടെ ലൈഫ് ടൈം കലക്ഷനെയാണ് കറുപ്പ് മൂന്ന് ദിവസം കൊണ്ട് മറികടന്നത്.
സിനിമ വൻ വിജയമായതോടെ തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്നും നിരവധി പ്രമുഖരാണ് സൂര്യക്കും അണിയറപ്രവർത്തകർക്കും ആശംസകളുമായി രംഗത്തെത്തുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ 'വീരഭദ്രുഡു' വിതരണത്തിനെടുത്ത അന്നപൂർണ്ണ സ്റ്റുഡിയോസിന് വേണ്ടി നടൻ നാഗചൈതന്യ ചിത്രത്തിന്റെ വിജയത്തിൽ സൂര്യയെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. തർക്കങ്ങൾക്കിടയിലും മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രം വരും വാരങ്ങളിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.