കാർത്തി

തിയറ്ററിൽ റിലീസായി രണ്ടാഴ്ചക്കുള്ളിൽ ചിത്രം ഒ.ടി.ടിയിലേക്ക്; കാർത്തി ചിത്രം 'വാ വാത്തിയാർ' സ്ട്രീമിങ്ങിന്...

കാർത്തിയെ നായകനാക്കി നളൻ കുമാരസാമി സംവിധാനം ചെയ്ത ചിത്രമാണ് വാ വാത്തിയാർ. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തിയറ്ററിൽ നേടാൻ സാധിച്ചിരുന്നില്ല. ചിത്രം റിലീസായി ആദ്യ നാളുകളിൽ മികച്ച കലക്ഷൻ നേടിയിരുന്നു. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ 4.6 കോടി ചിത്രം നേടി. ഇന്ത്യയിൽ മാത്രം ചിത്രം 3.9 കോടിയാണ് നേടിയത്. റിലീസ് ദിവസം 1.65 കോടിയായിരുന്നു കല‍ക്ഷൻ. രണ്ടാം ദിവസം 2.25 കോടിയായി ഉയർന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ സിനിമ റിലീസായി ദിവസങ്ങൾക്കുള്ളിലാണ് ഇപ്പോൾ ഒ.ടി.ടിയിൽ എത്തുന്നത്.

മോശമല്ലാത്ത അഭിപ്രായ നേടിയിട്ടും ചിത്രത്തിന് തിയറ്ററിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ജനുവരി 28 മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിക്കും. കൃതി ഷെട്ടി, രാജ്കിരൺ, കരുണാകരൻ, സത്യരാജ്, ആനന്ദരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിഹാസ നടൻ എം.ജി.ആറിന്റെ കടുത്ത ആരാധകൻ തന്റെ പേരക്കുട്ടിയെ എം.ജി.ആറിന്റെ പുനർജന്മമായി വളർത്തുന്നതാണ് കഥാതന്തു.

8 വർഷത്തെ ഇടവേളക്ക് ശേഷം നളൻ സംവിധാനത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് വാ വാത്തിയാർ. മറ്റ് പൊങ്കൽ റിലീസുകളിൽ നിന്ന് ചിത്രം കടുത്ത മത്സരമാണ് നേരിട്ടത്. ശിവകാർത്തികേയൻ, രവി മോഹൻ, ശ്രീലീല, അഥർവ എന്നിവർ അഭിനയിച്ച സുധ കൊങ്ങരയുടെ പരാശക്തി, ജീവ പ്രധാന വേഷത്തിൽ അഭിനയിച്ച നിതീഷ് സഹദേവിന്‍റെ തലൈവർ തമ്പി തലൈമൈയിൽ എന്നിവയാണ് മറ്റ് പൊങ്കൽ റിലീസുകൾ.

അതേസമയം, മെയ്യഴകൻ ആയിരുന്നു അവസാനമായി തിയറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമയായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Tags:    
News Summary - Karthi's film 'Vaa Vaathiyaar' will be available on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.