തിയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെക്കുമോ കളങ്കാവൽ? അഡ്വാൻസ് ബുക്കിങ് കണക്കുകൾ ഇങ്ങനെ

ആരാധകകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ ഇന്ന് തിയറ്ററിൽ എത്തുകയാണ്. വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അഡ്വാൻസ് ബുക്കിങ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ 'കളങ്കാവൽ' 1.52 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 13 ലക്ഷം രൂപ ലഭിച്ചു. വിദേശ വിപണികളിൽ നിന്ന് ചിത്രം 66 ലക്ഷം രൂപ നേടിയിട്ടുണ്ട്. ഇതോടെ ലോകമെമ്പാടുമുള്ള മൊത്തം അഡ്വാൻസ് 2.31 കോടി രൂപയിലെത്തിച്ചു.

അതേസമയം, വിനായകനാണ് ചിത്രത്തിലെ നായകനെന്നും താൻ പ്രതിനായകന്റെ വേഷം അവതരിപ്പിക്കുന്നു എന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ വാക്കുകളെ കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സമീപ വർഷങ്ങളിൽ താൻ തെരഞ്ഞെടുത്ത ഏറ്റവും അസാധാരണമായ വേഷങ്ങളിൽ ഒന്നാണ് കളങ്കാവലിലേത് എന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ പ്രയാസമുള്ള വിധത്തിലാണ് ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വേഷം പരീക്ഷണാത്മകമാണെങ്കിലും സിനിമ തന്നെ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. സിനിമയിൽ സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നു. 

Tags:    
News Summary - Kalamkaval Advance bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.