മോഹൻലാലിന്‍റെ മകൾ വിസ്മയ സിനിമ ലോകത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിലൂടെയാണ് വിസ്മയ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. ഇതൊരു നിയോഗമായി കാണുന്നു എന്നാണ് ജൂഡ് പറയുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം കുറുപ്പും പങ്കുവെച്ചിട്ടുണ്ട്. ഇതൊരു കുഞ്ഞ് സിനിമയാണെന്നും പ്രേക്ഷകർ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എഴുതി.
'ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ്” “തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ' -എന്നായിരുന്നു ജൂഡിന്‍റെ കുറിപ്പ്.
ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.