മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ ആണ് ജീത്തു ജോസഫ്. ജീത്തു ജോസഫിന്റെ സിനിമകൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിറാഷാണ് ജീത്തു ജോസഫിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.
കിഷ്കിന്താകാണ്ഡം, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം എന്നിവയാണ് തൻറെ പ്രിയപ്പെട്ട സിനിമകളിൽ ചിലതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്രങ്ങളിൽ ഫൈറ്റോ ബഹളമോ ഒന്നുമില്ലെങ്കിലും പ്രേക്ഷകർ ആ സിനിമകളെ വിജയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിച്ചത്.
അതേസമയം, 2013ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തിയത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിലെതന്നെ മികച്ച ക്രൈം തില്ലറായി ദൃശ്യം മാറിയിരുന്നു. ആരാധകപ്രീതി നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. വലിയ സ്വീകാര്യതയാണ് ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ചത്.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ അവിസ്മരണീയമാക്കിയ ജോർജുകുട്ടിയുടെ വേഷം മലയാളികൾക്ക് ഏറെ പ്രിയപെട്ടതായി മാറി. ജോർജുകുട്ടിയെയും കുടുംബത്തെയും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളെയും നിറഞ്ഞ മനസോടെയാണ് മലയാളി പ്രേക്ഷകർ സ്വാഗതം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.