പൃഥ്വിരാജിനൊപ്പമുള്ള പുതിയ ചിത്രം മെമ്മറീസ് പോലെയല്ല; മനസ്സിലുള്ളത് വലിയൊരു കുടുംബ ചിത്രമെന്ന് ജീത്തു ജോസഫ്

കൊച്ചി: മോഹൻലാൽ നായകനായ ദൃശ്യം 3 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ വിജയം കുറിച്ച് മുന്നേറുമ്പോൾ, സംവിധായകൻ ജീത്തു ജോസഫ് തന്റെ അടുത്ത പ്രോജക്റ്റുകളെക്കുറിച്ചുള്ള സൂചനകൾ പങ്കുവെക്കുകയാണ്. മെമ്മറീസിന് ശേഷം പൃഥ്വിരാജ് സുകുമാരനുമായി വീണ്ടും ഒന്നിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും, ആ ചിത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നതുപോലെയുള്ള ഒരു ത്രില്ലർ ആയിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ സംവിധായകൻ.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ പൃഥ്വിരാജിനോട് ഒരു കഥ നേരത്തെ പറഞ്ഞിരുന്നുവെന്നും, അത് കേട്ടപ്പോൾ തന്നെ എപ്പോൾ തിരക്കഥ പൂർത്തിയാക്കുന്നുവോ അപ്പോൾ തീയതി നൽകാമെന്ന് പൃഥ്വി ഉറപ്പുനൽകിയിരുന്നുവെന്നും ജീത്തു പറഞ്ഞു.

അതൊരു ത്രില്ലറല്ല, മറിച്ച് വളരെ ഗൗരവമുള്ള ഒരു കുടുംബ ചിത്രമാണ്. ഒരുപക്ഷേ ഫെസ്റ്റിവലുകൾക്ക് അയക്കേണ്ടി വരുന്ന തരത്തിലുള്ള ചിത്രമാണത്. തിയേറ്ററുകളിൽ വാണിജ്യപരമായി ഇത് എങ്ങനെയാകും പ്രതികരിക്കുക എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലെന്ന് ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് ഡേറ്റ് നൽകാൻ തയ്യാറായി നിൽക്കുകയാണെങ്കിലും, പല കാരണങ്ങളാൽ തനിക്ക് ഈ തിരക്കഥ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സംവിധായകൻ തുറന്നുസമ്മതിച്ചു. പല പ്രോജക്റ്റുകളും ഒന്നിനുപുറകെ ഒന്നായി വന്നതോടെ തിരക്കായി. മാനസികമായ സമ്മർദ്ദങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചൊന്ന് റിലാക്സ് ചെയ്ത് വ്യത്യസ്തമായ ജോണറുകൾ പരീക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ചിത്രത്തെക്കുറിച്ച് തന്റെ മകൾ പോലും ചോദിക്കാറുണ്ടെന്ന് ജീത്തു പറഞ്ഞു. എപ്പോഴും കൊമേഴ്സ്യൽ സിനിമകളെക്കുറിച്ച് ചിന്തിക്കാതെ, ഇത്തരത്തിലുള്ള ഒരു ചിത്രം ചെയ്യണമെന്നാണ് മകൾ തന്നോട് പറയാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ത്രില്ലർ ചിത്രങ്ങളിലൂടെയാണ് ജീത്തു ജോസഫ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെങ്കിലും, ആ ചട്ടക്കൂടിൽ നിന്ന് പുറത്തുകടന്ന് മറ്റ് ജോണറുകൾ പരീക്ഷിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നുണക്കുഴി അത്തരത്തിൽ കോമഡി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്ന് ഉണ്ടായതാണ്. ഇതിനുപുറമെ, നല്ലൊരു കോമഡി കുടുംബ ചിത്രം, ഹൊറർ, മ്യൂസിക്കൽ, കുട്ടികൾക്കുള്ള സിനിമകൾ തുടങ്ങിയ വിഭാഗങ്ങളിൽ സിനിമകൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Jeethu Joseph says new film with Prithviraj is not like Memories; what he has in mind is a big family film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.