‘ജനനായകൻ’ റിലീസ് മാറ്റിവെച്ചു; തുടർച്ചയായ പിന്തുണക്ക് നന്ദി പറഞ്ഞ് കെ.വി.എൻ പ്രൊഡക്ഷൻസ്

നടനും രാഷ്ട്രീയക്കാരനുമായ വിജയ്​യുടെ അവസാന ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചതായി നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു. ജനുവരി 9ന് നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിയത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച തർക്കമാണ് റിലീസ് വൈകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെൻസർ ബോർഡിന്‍റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റിയതോടെ നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു.

ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോർഡിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ ഹാജരായി. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിർമാതാക്കളെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. റിവൈസിങ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സി.ബി.എഫ്.സിയുടെ മറുപടി. ചിത്രം റിവൈസിങ് കമിറ്റിക്ക് അയച്ചതിന് പിന്നിൽ ഒരു ഗൂഢലക്ഷ്യവുമില്ലെന്ന് സി.ബി.എഫ്‌.സി വാദിച്ചു. ചിത്രം ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി ലഭിച്ചതായി സി.ബി.എഫ്‌.സി അറിയിച്ചു. പ്രതിരോധ സേനയുടെ ചില ചിഹ്നങ്ങൾ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഈ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചതെന്നും അവർ വാദിച്ചു.

തികച്ചും ഹൃദയവേദനയോടെയാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. ജനുവരി 9ന് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നു എന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതുവരെ ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു.

‘അപ്രതീക്ഷിത സാഹചര്യങ്ങളാൽ 2026 ജനുവരി 9 ന് ഷെഡ്യൂൾ ചെയ്തിരുന്ന ജനനായകന്റെ പ്രാരംഭ റിലീസ് പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു. പ്രൊഡക്ഷൻ ടീമിൽ നിന്നുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഞങ്ങൾ നിലവിൽ കാത്തിരിക്കുകയാണ്. പുതിയ റിലീസ് തീയതി സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഞങ്ങളുടെ അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴി പങ്കിടും. അതിനിടയിൽ, എല്ലാ ആരാധകരും പിന്തുണക്കാരും ക്ഷമയോടെയും പോസിറ്റീവായും തുടരാൻ ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നോ അതിൽ ഇടപഴകുന്നതിൽ നിന്നോ ദയവായി വിട്ടുനിൽക്കുക. നിരവധി ക്രമീകരണങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു. ഒരു പോസിറ്റീവ് പരിഹാരത്തിനായി കാത്തിരിക്കുമ്പോൾ നമുക്ക് ഐക്യത്തോടെ തുടരാം, ഈ സാഹചര്യത്തെ ശാന്തമായും ഉത്തരവാദിത്തത്തോടെയും സമീപിക്കാം. നിങ്ങളുടെ തുടർച്ചയായ പിന്തുണക്ക് നന്ദി’ കെ.വി.എൻ പ്രൊഡക്ഷൻസ് വ്യക്തമാക്കി

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 500 കോടിയോളം രൂപ ചിലവിട്ടാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    
News Summary - Jananayakan release postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.