ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ നിയന്ത്രണം ദീർഘകാല നിർമ്മാതാക്കളായ ഇയോൺ പ്രൊഡക്ഷൻസിൽ നിന്ന് ആമസോൺ എം.ജി.എം സ്റ്റുഡിയോസ് ഏറ്റെടുത്തു. ഈ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 007 ന്റെ ദീർഘകാല നിർമ്മാതാക്കളും കസ്റ്റോഡിയൻമാരുമായ മൈക്കിൾ ജി. വിൽസണും ബാർബറ ബ്രോക്കോളിയും പിന്മാറുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 007 ഫ്രാഞ്ചൈസിയുടെ മുഴുവന്‍ സൃഷ്ടിപരമായ നിയന്ത്രണവും ആമസോൺ ഏറ്റെടുത്തുത്തിട്ടുണ്ട്. പുതിയ ബോണ്ടിനെ കാസ്റ്റുചെയ്യുന്നത് ഉൾപ്പെടെ ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ ഇനി ആമസോണിനായിരിക്കും അവകാശം.
കരാർ അനുസരിച്ച്, ജെയിംസ് ബോണ്ട് ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനായി ആമസോൺ എം.ജി.എം സ്റ്റുഡിയോസും മൈക്കിളും ബാർബറയും ചേർന്ന് പുതിയ സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. ഇരുവരും സഹ ഉടമകളായി തുടരുമെങ്കിലും ആമസോൺ എം.ജി.എമ്മിനായിരിക്കും ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ മൊത്തം നിയന്ത്രണം. ഏത് ചിത്രം നിര്‍മ്മിക്കണം, ആരായിരിക്കണം അടുത്ത ബോണ്ട് തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കുന്നതും ആമസോണായിരിക്കും.
അതേ സമയം ആമസോണ്‍ മേധാവിയായ ജെഫ് ബെസോസ് അടുത്ത ബോണ്ട് ആരാണ് എന്ന് ചോദിച്ച് എക്സില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അടുത്ത ജെയിംസ് ബോണ്ട് ചിത്രം ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 1962-ലാണ് ആൽബർട്ട് കബ്ബി ബ്രൊക്കോളി 'ജെയിംസ് ബോണ്ട്' ചിത്രങ്ങള്‍ അവതരിപ്പിച്ചത്. 2022-ലാണ് ജെയിംസ് ബോണ്ട് ചിത്രം നിര്‍മ്മിച്ചിരുന്ന എം.ജി.എം സ്റ്റുഡിയോ ആമസോണ്‍ ഏറ്റെടുത്തത്. 2021ല്‍ ഇറങ്ങിയ 'നോ ടൈം ടു ഡൈ' ആണ് അവസാനം ഇറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. ഡാനിയൽ ക്രെയ്ഗ് ഈ ചിത്രത്തോടെ ജെയിംസ് ബോണ്ട് വേഷം ഉപേക്ഷിച്ചു. ഇതിന് പിന്നാലെ അടുത്ത ബോണ്ട് ആരെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.